എഡിജിപിക്കെതിരായ ഹർജിയിൽ അന്വേഷണം പൂർത്തിയാക്കാൻ സമയം ആവശ്യപ്പെട്ട് വിജിലൻസ്
Wednesday, March 26, 2025 2:25 AM IST
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത്കുമാറിനെതിരേ വിജിലൻസ് അന്വേഷണം പൂർത്തിയാക്കാൻ 45 ദിവസത്തെ സമയം ആവശ്യപ്പെട്ട് വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നു വിജിലൻസ് ഡെപ്യൂട്ടി സൂപ്രണ്ട് ഷിബു പാപ്പച്ചൻ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു.
അജിത്കുമാറിനും പി. ശശിക്കുമെതിരായ ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ സ്വകാര്യ ഹർജി പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എം.വി. രാജകുമാർ പരിഗണിക്കവേയാണ് വിജിലൻസ് സംഘം കൂടുതൽ സമയം തേടിയത്.
അജിത്കുമാറിനെതിരേ ഹർജിക്കാരൻ ഉന്നയിച്ചതടക്കമുള്ള വിവിധ ആരോപണങ്ങൾ സർക്കാർ നിർദേശത്തെത്തുടർന്ന് അന്വേഷിക്കുകയാണെന്ന് വിജിലൻസ് സംഘം കോടതിയെ ധരിപ്പിച്ചു. അന്വേഷണപുരോഗതി വ്യക്തമാക്കുന്ന ഇടക്കാല റിപ്പോർട്ട് നൽകാൻ കോടതി വിജിലൻസിന് നിർദേശം നൽകി.
ഈ റിപ്പോർട്ട് പരിശോധിച്ച ശേഷമാകും സ്വകാര്യ ഹർജിയിൽ കോടതി തീരുമാനം എടുക്കുക. നിലവിൽ പി. ശശിക്കെതിരെ വിജിലൻസ് അന്വേഷണം നടക്കുന്നില്ല. ഹർജിക്കാരന് നേരിട്ട് അറിവുള്ള കാര്യങ്ങളാണോ ഹർജിയിൽ ഉന്നയിച്ചിട്ടുള്ളതെന്നും കോടതി ചോദിച്ചു.
പി.വി. അൻവറിന്റെ പ്രസംഗത്തിന്റെ ശബ്ദരേഖ ഹർജിക്കാരൻ കോടതിയിൽ ഹാജരാക്കിയിരുന്നതു പരിശോധിക്കുന്പോഴായിരുന്നു കോടതിയുടെ ചോദ്യം. ആരോപണങ്ങളെക്കുറിച്ച് കേട്ടറിവേ ഉള്ളൂ എന്ന ഹർജിക്കാരന്റെ മറുപടി കോടതിക്ക് തൃപ്തികരമായില്ല.
എം.ആർ. അജിത്കുമാർ ഭാര്യാസഹോദരനുമായി ചേർന്ന് സെന്റിന് 70 ലക്ഷം രൂപ വിലയുളള ഭൂമി തിരുവനന്തപുരം കവിടയാറിൽ വാങ്ങി ആഡംബര കെട്ടിടം നിർമിക്കുന്നതിൽ അഴിമതിപ്പണം ഉണ്ടെന്നായിരുന്നു ഹർജിക്കാരന്റെ വാദം.
ഇതിനായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി എഡിജിപിയെ വഴിവിട്ട് സഹായിക്കുന്നതായും ഹർജിക്കാരൻ ആരോപിച്ചിരുന്നു.