വിഷയം തുടർഭരണം; തർക്കിച്ചു ഭരണപക്ഷവും പ്രതിപക്ഷവും
Tuesday, March 25, 2025 1:21 AM IST
സാബു ജോണ്
തിരുവനന്തപുരം: തുടർഭരണമെന്നു നിരന്തരം പറഞ്ഞു പ്രതിപക്ഷാംഗങ്ങളെ പോലും ഭയപ്പെടുത്തുകയാണ് ഭരണപക്ഷം. ഒരാളല്ല, പ്രസംഗിക്കാൻ എഴുന്നേൽക്കുന്നവരെല്ലാം തുടർഭരണം ഉറപ്പിച്ചാണ് പ്രസംഗം അവസാനിപ്പിക്കുന്നത്. ഇന്നലെ ഈ തന്ത്രം പയറ്റിയത് പ്രതിപക്ഷമാണ്.
ഇപ്പോൾ തെരഞ്ഞെടുപ്പു നടന്നാൽ നൂറു സീറ്റ് ഉറപ്പെന്നു പറഞ്ഞു തുടങ്ങിയത് രമേശ് ചെന്നിത്തലയാണ്. ഇന്ത്യ ടുഡേ നടത്തിയ സർവേയിൽ 110 സീറ്റ് ഉറപ്പെന്നു കണ്ടതായി പി.സി. വിഷ്ണുനാഥ്. മൂന്നാം തവണ ഉൗണു കഴിക്കാൻ ഇലയിട്ടിരിക്കേണ്ടെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ. നൂറിലധികം സീറ്റോടെ ജയിച്ചു വരാൻ തക്ക അന്തരീക്ഷം സൃഷ്ടിച്ചു തരുന്ന ഭരണപക്ഷത്തോടു തിരുവഞ്ചൂർ നന്ദിയും പറഞ്ഞു.
തിരിച്ചു വരുമെന്നു പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് പി.കെ. കുഞ്ഞാലിക്കുട്ടി ചോദിക്കുന്നത്. ആകെയുള്ളതു റോഡ് ആണ്. അതു ഗഡ്കരിയുടെ റോഡ് ആണ്. ഇടതുസർക്കാർ എട്ടുകാലി മമ്മൂഞ്ഞ് കളിക്കുകയാണത്രെ. കേരളത്തിന്റെ റോഡ് ആണെങ്കിൽ കേരളത്തിൽ അവസാനിക്കണ്ടേ. ഇതു കേരളവും കടന്ന് അങ്ങു പോകുകയല്ലേ. ഇതാണു കുഞ്ഞാലിക്കുട്ടിയുടെ ചോദ്യം, ഗഡ്കരി റോഡ് ആണെങ്കിൽ നിങ്ങൾക്ക് അങ്ങു പൂർത്തിയാക്കാമായിരുന്നില്ലേ എന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ ചോദിച്ചു. നിങ്ങളുടെ കാലത്ത് ദേശീയപാതയും ഗെയിൽ പൈപ്പ് ലൈനും എല്ലാം ഉപേക്ഷിച്ച മട്ടിലായിരുന്നില്ലേ എന്നും ബാലഗോപാൽ ചോദിച്ചു.
ബാലഗോപാലിന്റെ അഭിപ്രായത്തിൽ ഇടതുപക്ഷം ഒരിടത്തും ഇലയിട്ടിരിക്കുന്നില്ല. ജനങ്ങൾ അതു തീരുമാനിക്കുകയാണ്. തുടർഭരണം ഉണ്ടാകില്ലെന്നുള്ളത് ലീഗിന്റെയും യുഡിഎഫിന്റെയും താൽപര്യമാണെന്നു കെ.പി. മോഹനൻ പറഞ്ഞു. എന്നാൽ കേരളത്തിലെ ജനകോടികളുടെ താൽപര്യം എൽഡിഎഫ് വീണ്ടും ഭരണത്തിൽ വരണമെന്നാണത്രെ.
ബിജെപിക്കു സഭയിൽ പ്രാതിനിധ്യമില്ലെങ്കിലും ഇന്നലെ ചർച്ചകളിൽ അവർ നിറഞ്ഞു നിന്നു. പുതിയ പ്രസിഡന്റിനെ ഭരണപക്ഷാംഗങ്ങൾ രൂക്ഷമായി വിമർശിച്ചപ്പോൾ, അദ്ദേഹത്തിന് ആദ്യം നല്ല സർട്ടിഫിക്കറ്റ് നൽകിയത് എൽഡിഎഫിന്റെ മുൻ കണ്വീനർ ഇ.പി. ജയരാജനല്ലേ എന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ ചോദിച്ചു. ബിജെപി പിടിക്കുന്ന വോട്ടിൽ കണ്ണുവച്ചാണ് സിപിഎം തുടർഭരണം സ്വപ്നം കാണുന്നതെന്നു രമേശ് ചെന്നിത്തല പറഞ്ഞു. മുനന്പം വിഷയം അനാവശ്യമായി നീട്ടിക്കൊണ്ടു പോയി ബിജെപിക്കു നാലു വോട്ടു കിട്ടുന്നതിനുള്ള അവസരം ഒരുക്കിക്കൊടുക്കുകയാണു സർക്കാർ എന്നു പി.കെ. കുഞ്ഞാലിക്കുട്ടി ആരോപിച്ചു. ഇക്കാര്യത്തിൽ എല്ലാവരെയും വിളിച്ചുകൂട്ടി ഒരു ചർച്ചയ്ക്കു പോലും സർക്കാർ തയാറാകാത്തതിന്റെ പിന്നിൽ ദുഷ്ടലാക്കുണ്ടെന്നാണു കുഞ്ഞാലിക്കുട്ടിയുടെ പക്ഷം. കോണ്ഗ്രസിന്റെ മുഖ്യമന്ത്രി മോഹികളിൽ പലരുമായും കച്ചവടം ഉറപ്പിച്ചിട്ടാണ് ബിജെപിയുടെ പുതിയ സംസ്ഥാന പ്രസിഡന്റ് വന്നിരിക്കുന്നതെന്നു പിന്നാന്പുറത്തു സംസാരമുണ്ടെന്നു കെ.യു. ജനീഷ്കുമാർ പറഞ്ഞു.
തുടർഭരണം കിട്ടുമെന്ന വാദത്തിനു ബലം പകരാൻ ഭരണപക്ഷം ഇന്നലെ ഉപയോഗിച്ചത് അവസാനം നടന്ന തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പു ഫലങ്ങളെയാണ്. സെബാസ്റ്റ്യൻ കുളത്തിങ്കൽ ആണ് ആദ്യം ഈ കണക്കുകൾ ഉദ്ധരിച്ചത്. 30 സീറ്റിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ 17 സീറ്റിൽ ജയിച്ചത് എൽഡിഎഫ് ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഈ കണക്കുകൾ ഉദ്ധരിച്ചപ്പോൾ എൽഡിഎഫിനു 17, യുഡിഎഫിന് 12, അവരുടെ സഖ്യകക്ഷിയായ എസ്ഡിപിഐക്ക് ഒന്ന് എന്നായി കണക്ക്. പി.സി. വിഷ്ണുനാഥ് ക്രമപ്രശ്നവുമായി എഴുന്നേറ്റു. കഴിഞ്ഞ തവണ കോണ്ഗ്രസ് ജയിച്ച സീറ്റിൽ ഇത്തവണ കോണ്ഗ്രസ് വോട്ടുകളാണ് എസ്ഡിപിഐക്കു പോയതെന്ന മാധ്യമവാർത്തകളാണ് വാദത്തിനു തെളിവായി ബാലഗോപാൽ അവതരിപ്പിച്ചത്. കൂടുതൽ വിവരങ്ങൾ പിന്നാലെ വെളിപ്പെടുത്താമെന്നും ബാലഗോപാൽ പറഞ്ഞു.
ധനവിനിയോഗ ബില്ലു കൂടാതെ സ്വകാര്യ സർവകലാശാല ബില്ലും വ്യാവസായിക അടിസ്ഥാന സൗകര്യ വികസന ഭേദഗതി ബില്ലും ഇന്നലെ പാസാക്കേണ്ടതായിരുന്നു. എന്നാൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഇഫ്താർ പാർട്ടിക്കു സമയമായപ്പോഴും ബിൽ ചർച്ച പൂർത്തിയാകാത്തതിനാൽ ബില്ലുകൾ ഇന്നത്തേക്കു മാറ്റി.