സംരംഭകവർഷം: 3.51 ലക്ഷം വ്യവസായ സംരംഭങ്ങൾ തുടങ്ങി
Wednesday, March 26, 2025 2:25 AM IST
തിരുവനന്തപുരം: സംസ്ഥാനത്തു സംരംഭകവർഷം ആരംഭിച്ചശേഷം 3.51 ലക്ഷം വ്യവസായ സംരംഭങ്ങൾ തുടങ്ങിയെന്നു മന്ത്രി പി. രാജീവിനുവേണ്ടി മന്ത്രി എം.ബി. രാജേഷ് നിയമസഭയിൽ പറഞ്ഞു. ഇതിൽ 1.11 ലക്ഷം വനിതാ സംരംഭങ്ങളാണ്. ആകെ സംരംഭങ്ങളുടെ 40 ശതമാനമാണിത്. 40 ട്രാൻസ്ജെൻഡർ സംരംഭങ്ങളും ആരംഭിച്ചു.
ഇത്രയും സംരംഭങ്ങളിലൂടെ 22,526 കോടിയുടെ നിക്ഷേപവും 7.45 ലക്ഷം തൊഴിലും സൃഷ്ടിക്കാനായി. ഒരു ലക്ഷം സംരംഭങ്ങൾ തുടങ്ങാൻ ലക്ഷ്യമിട്ട സ്ഥാനത്താണ് 3.51 ലക്ഷമായത്. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു സംരംഭകസഭ പ്രവർത്തിക്കുന്നുണ്ട്. എട്ടു തദ്ദേശ സ്ഥാപനങ്ങളിൽകൂടി ഈ മാസം 27നകം സംരംഭകസഭ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
30 ലക്ഷം പേർക്ക് മെഡിസെപ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നു
11.5 ലക്ഷത്തിലധികം ജീവനക്കാരും പെൻഷൻകാരും ആശ്രിതരും ഉൾപ്പെടെ 30 ലക്ഷം പേർക്കു മെഡിസെപ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതായി മന്ത്രി കെ.എൻ. ബാലഗോപാൽ.
മെഡിസെപ്പിലെ ഇൻഷ്വറൻസ് കന്പനികൾ ക്ലെയിം വെട്ടിക്കുറച്ചു ലാഭമുണ്ടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ക്ലെയിം തുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതികൾ ദ്വൈവാര അവലോകന യോഗങ്ങളിൽ കന്പനിയുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കാറുണ്ട്. ആശുപത്രികൾ ധാരണാപത്രത്തിൽനിന്നും വ്യതിചലിച്ചാൽ സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സർവകലാശാലാ നിയമ ഭേദഗതി ഉൾപ്പെടെയുള്ള ബില്ലുകൾ പാസാക്കി
നിയമസഭാ സമ്മേളനത്തിന്റെ ഈ സമ്മേളന കാലയളവിനെ അവസാന ദിവസമായ ഇന്നലെ സർവകലാശാല നിയമ ഭേദഗതി ഉൾപ്പെടെയുള്ള ബില്ലുകൾ പാസാക്കി. 2025ലെ സർവകലാശാല നിയമങ്ങൾ (ഭേദഗതി), 2024ലെ കേരളാ സ്പോർട്സ് (ഭേദഗതി), സ്വകാര്യ സർവകലാശാലാ സ്ഥാപനവും നിയന്ത്രണവും ബിൽ, വ്യാവസായിക അടിസ്ഥാന സൗകര്യ വികസന ഭേദഗതി, 2005 കേരളാ ധനകാര്യ ബിൽ എന്നിവയാണ് നിയമസഭയിൽ പാസാക്കിയത്.
ഇതിൽ സ്പോർട്സ് ഭേദഗതി ബിൽ പ്രതിപക്ഷത്തിന്റെ അസാനിധ്യത്തിലാണ് പാസാക്കിയത്. മന്ത്രി ബിന്ദു പ്രതിപക്ഷ അംഗങ്ങളെക്കുറിച്ച് മോശം പരാമർശം നടത്തിയെന്നാരോപിച്ച് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിയപ്പോയതിനു ശേഷമായിരുന്നു അവസാനത്തെ ബിൽ സഭയിൽ പരിഗണനയ്ക്കു വന്നത്.