സൂരജ് വധത്തില് 8 സിപിഎമ്മുകാർക്ക് ജീവപര്യന്തം
Tuesday, March 25, 2025 3:11 AM IST
തലശേരി: മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകനായിരുന്ന എളമ്പിലായി സൂരജിനെ (32) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഴപ്പിലങ്ങാട് മുൻ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ എട്ടു സിപിഎം പ്രവർത്തകർക്ക് ജീവപര്യന്തവും ഒരാൾക്കു മൂന്നു വർഷം തടവും ശിക്ഷ വിധിച്ചു. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ.ടി. നിസാറാണു ശിക്ഷ വിധിച്ചത്.
ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതിയായ പാനൂർ പത്തായക്കുന്ന് കാരായിന്റവിട സ്വദേശി ടി.കെ. രജീഷ് (50), മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി പി.എം. മനോജിന്റെ സഹോദരൻ കൂത്തുപറമ്പ് നരവൂരിലെ പുത്തൻപറമ്പത്ത് മമ്മാലി വീട്ടിൽ പി.എം. മനോരാജ് എന്ന നാരായണൻകുട്ടി (51), തലശേരി കൊളശേരി കാവുംഭാഗത്തെ കോമത്ത് പാറാൽ എൻ.വി. യോഗേഷ് (40), എരഞ്ഞോളി അരങ്ങേറ്റു പറമ്പിലെ കണ്ട്യൻ വീട്ടിൽ ജിത്തു എന്ന ഷംജിത്ത് (48), മുഴപ്പിലങ്ങാട് വാണിയന്റെ വളപ്പിൽ നെയ്യോത്ത് സജീവൻ (57), മുഴപ്പിലങ്ങാട് മുൻ പഞ്ചായത്ത് പ്രസിഡന്റും ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ പണിക്കന്റവിട പ്രഭാകരൻ (66), സിപിഎം ലോക്കൽ കമ്മറ്റിയംഗം മുഴപ്പിലങ്ങാട് ബീച്ച് റോഡിലെ പുതുശേരി വീട്ടിൽ ചോയി പപ്പൻ എന്ന പദ്മനാഭൻ(67), മുഴപ്പിലങ്ങാട് കരിയിലവളപ്പിൽ മാനോമ്പേത്ത് രാധാകൃഷ്ണൻ (60) എന്നിവർക്കാണു ജീവപര്യന്തം വിധിച്ചത്.
കേസിലെ 11-ാം പ്രതിയായ മുഴപ്പിലങ്ങാട് ബീച്ച് റോഡിൽ സോപാനത്തിൽ പുതിയപുരയിൽ പ്രദീപന് (58) മൂന്നു വർഷം തടവും 25,000 പിഴയുമാണ് ശിക്ഷ. മൂന്നു വർഷം വരെയുള്ള ശിക്ഷയായതിനാൽ ഇയാൾക്കു കോടതി ജാമ്യം അനുവദിച്ചു.
രണ്ടു മുതൽ ആറു വരെ പ്രതികളായവർക്ക് ജീവപര്യന്തവും 50,000 രൂപ പിഴയും അടയ്ക്കണം. കൂടാതെ, ആയുധ നിരോധന നിയമപ്രകാരം രണ്ടു വർഷം കഠിനതടവും 25,000 രൂപ പിഴയും അടയ്ക്കണം.
ഏഴു മുതൽ ഒന്പതു വരെയുള്ള പ്രതികൾക്കു ജീവപര്യന്തവും 50,000 രൂപ പിഴയും അടയ്ക്കണം. പിഴസംഖ്യ സൂരജിന്റെ കുടുംബത്തിനു നൽകണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നും വിധിന്യായത്തിൽ പറയുന്നു.
2005 ഓഗസ്റ്റ് ഏഴിന് രാവിലെ 8.40ന് മുഴപ്പിലങ്ങാട് എഫ്സിഐ ഗോഡൗണിനു സമീപമാണ് സൂരജ് കൊല്ലപ്പെട്ടത്. സിപിഎം പ്രവർത്തകനായിരുന്ന സൂരജ് ബിജെപിയിൽ ചേർന്നതിലുള്ള വിരോധമാണു കൊലപാതകത്തിൽ കലാശിച്ചത്.
പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ പി. പ്രേമരാജൻ ഹാജരായി.