പതിച്ചുനൽകിയ ഭൂമിയിലെ വ്യവസ്ഥാ ലംഘനം: നടപടികള്‍ അറിയിക്കണമെന്നു ഹൈക്കോടതി
Wednesday, March 26, 2025 2:25 AM IST
കൊച്ചി: സര്‍ക്കാര്‍ പതിച്ചുനല്‍കിയ ഭൂമിയില്‍ വ്യവസ്ഥ ലംഘിച്ച് പ്രവര്‍ത്തിക്കുന്നവരുടെ കാര്യത്തില്‍ 2022 ഒക്ടോബറിനുശേഷം സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നു ഹൈക്കോടതി.
ഭൂപതിവ് നിയമപ്രകാരം അനുവദിച്ച ഭൂമിയില്‍ ചട്ടം ലംഘിച്ച് നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളും ഖനന- ക്വാറി പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാനും ഭൂപതിവ് നിയമപ്രകാരം ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും തഹസില്‍ദാര്‍മാര്‍ക്കും നിര്‍ദേശം നല്കി 2022 ഒക്ടോബറില്‍ സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.
എന്നാൽ, സര്‍ക്കുലര്‍ പ്രകാരം ഒരിടത്തും നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നാണ് വിവരാവകാശ രേഖകളില്‍നിന്നു വ്യക്തമാകുന്നതെന്ന് വിലയിരുത്തിയാണ് ജസ്റ്റീസുമാരായ ദേവന് രാമചന്ദ്രന്, എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് സര്‍ക്കാരിന്റെ വിശദീകരണം തേടിയത്. മറുപടിക്ക് സര്‍ക്കാര്‍ സമയം തേടിയതിനെത്തുടര്‍ന്ന് ഹര്‍ജി ഏപ്രില്‍ ഏഴിനു പരിഗണിക്കാന്‍ മാറ്റി.
ഭൂപതിവ് നിയമ വ്യവസ്ഥകള്‍ക്കു വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയോ സര്‍ട്ടിഫിക്കറ്റുകളോ നല്‍കരുതെന്ന് 1043 തദ്ദേശസ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് മണ്ണുത്തിയിലെ നേര്‍ക്കാഴ്ച അസോസിയേഷന് ഡയറക്ടര്‍ പി.ബി. സതീഷ് നല്കിയ പൊതുതാത്പര്യ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.