സർവകലാശാലകളിൽ നിർമിത ബുദ്ധി (എഐ) കോഴ്സുകൾ തുടങ്ങും
Tuesday, March 25, 2025 1:21 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലും സർകലാശാലകളിലും നിർമിത ബുദ്ധി (എഐ) പരിശീലന പദ്ധതികൾ ആരംഭിക്കാൻ സർക്കാർ ലക്ഷ്യമിടുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇൻഗ്രീഡിയൻസ് ഡാറ്റാ സയൻസ് തുടങ്ങിയ നൂതന കോഴ്സുകൾ സർവകലാശാലകളിൽ തുടങ്ങുന്നതു പരിഗണനയിലാണ്.
എഐ മേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്കായി ഡീപ് ടെക് എക്കോസിസ്റ്റം രൂപപ്പെടുത്താൻ നടപടിയെടുക്കും. നിർമിത ബുദ്ധി, മെഷീൻ ലേണിംഗ്, അനിമേഷൻ, വിഷ്വൽ എഫക്ട്, ഗെയ്മിംഗ്, കോമിക്സ് എന്നീ മേഖലകളിൽ കടന്നുവരുന്ന ഡീപ് ടെക് സംരംഭകർക്കായി ഗ്രാഫിക് പ്രോസസിംഗ് യൂണിറ്റ് ക്ലസ്റ്റർ സ്ഥാപിക്കും.
ഇതിനായി കേരള സ്റ്റാർട്ടപ്പ് മിഷന് 10 കോടി രൂപ സർക്കാർ അധികമായി അനുവദിച്ചു. കൃഷി-ഭക്ഷ്യ സംസ്കരണം, സ്പേസ്-പ്രതിരോധ മേഖലകൾ, ആരോഗ്യമേഖല, ലൈഫ് സയൻസ്, ഡിജിറ്റൽ മീഡിയ- പുത്തൻ വിനോദോപാധികൾ, പാരന്പര്യേതര ഊർജ സ്രോതസുകൾ എന്നീ രംഗങ്ങളിൽ നിർമിതബുദ്ധി പ്രയോജനപ്പെടുത്താനായി കേരള സ്റ്റാർട്ടപ്പ് മിഷൻ എമർജിംഗ് ടെക്നോളജി ഹബിന്റെ നിർമാണത്തിന് തുടക്കമിട്ടു.