ബിഷപ് ഡി. സെല്വരാജന് അഭിഷിക്തനായി
Wednesday, March 26, 2025 2:44 AM IST
റിച്ചാര്‍ഡ് ജോസഫ്
നെയ്യാറ്റിന്‍കര: നഗരസഭാ മൈതാനിയില്‍ പ്രത്യേകം തയാറാക്കിയ പന്തലില്‍ തിങ്ങിനിറഞ്ഞ വിശ്വാസി സമൂഹത്തിന്റെ പ്രാര്‍ഥനകള്‍ ഏറ്റുവാങ്ങി നെയ്യാറ്റിന്‍കര രൂപതയുടെ പിന്തുടര്ച്ചാവകാശമുള്ള സഹമെത്രാനായി ബിഷപ് ഡോ.ഡി. സെല്വരാജന് അഭിഷിക്തനായി.
പ്രധാന കാര്‍മികനായ നെയ്യാറ്റിന്‍കര രൂപത ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍ തൈലാഭിഷേകം നടത്തിയും അധികാര ചിഹ്നങ്ങള്‍ അണിയിച്ചും മോണ്‍.ഡോ.ഡി. സെല്‍വരാജനെ ബിഷപ് സ്ഥാനത്തേക്ക് ഉയർത്തി. ആര്‍ച്ച്ബിഷപ് ലെയോപോള്‍ദോ ജിറെല്ലി വത്തിക്കാന്റെ പ്രതിനിധിയായി മെത്രാഭിഷേക ചടങ്ങില്‍ പങ്കെടുത്തു.
കൊല്ലം മുന്‍ ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍ സുവിശേഷ പ്രഘോഷണം നടത്തി. ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ, പുനലൂർ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, സിബിസിഐ പ്രസിഡന്റ് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് തുടങ്ങിയവരും മെത്രാഭിഷേകത്തിനു സഹകാര്‍മികരായ മറ്റു മെത്രാന്മാരും കൈവയ്പ് ശുശ്രൂഷയില്‍ പങ്കുചേര്‍ന്നു.
മെത്രാഭിഷേക തിരുക്കര്‍മങ്ങള്‍ക്ക് കേരളത്തിലെയും തമിഴ്നാട്ടിലെയും വിവിധ രൂപതകളില്‍നിന്നുള്ള മുപ്പതിലധികം ബിഷപ്പുമാര്‍ സഹകാര്‍മികരായി.