നെന്മാറ ഇരട്ടക്കൊലപാതകം: കുറ്റപത്രം സമർപ്പിച്ചു
Wednesday, March 26, 2025 2:25 AM IST
ആലത്തൂര്‍: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ കുറ്റപത്രം സമർപ്പിച്ചു. ആലത്തൂർ കോടതിയിലാണ് 480 പേജുള്ള കുറ്റപത്രം അന്വേഷണസംഘം സമർപ്പിച്ചിരിക്കുന്നത്.
കേസിൽ ഏക ദൃക്സാക്ഷിയുടെ മൊഴിയാണു നിർണായകം. 133 സാക്ഷികളും 30ലധികം ശാസ്ത്രീയ തെളിവുകളുമാണുള്ളത്. ലക്ഷ്മിയെ കൊലപ്പെടുത്തുന്നതു കണ്ടതായാണു ദൃക്സാക്ഷി മൊഴി നൽകിയിരിക്കുന്നത്.
കൊടുവാളിന്റെ പിടിയിൽനിന്നു പ്രതി ചെന്താമരയുടെ ഡിഎൻഎ കണ്ടെടുത്തിട്ടുണ്ടെന്നു കുറ്റപത്രത്തിൽ പറയുന്നു. കൂടാതെ ചെന്താമരയുടെ വസ്ത്രത്തിൽ സുധാകരന്റെയും ലക്ഷ്മിയുടെയും രക്തക്കറയും കണ്ടെത്തിയിരുന്നു.
പ്രതിയുടെ കുടുംബം തകർത്തതിലുള്ള പകയാണു കൊലയ്ക്കു കാരണമായി കരുതുന്നത്. സുധാകരനെ കൊലപ്പെടുത്താനാണ് പ്രതി പദ്ധതിയിട്ടത്. അമ്മ ലക്ഷ്മി ബഹളം വച്ചപ്പോൾ അവരെയും കൊലപ്പെടുത്തുകയായിരുന്നു. പ്രതി മാനസികരോഗിയല്ലെന്നു തെളിയിക്കുന്ന രേഖകളും കുറ്റപത്രത്തിലുണ്ട്.
വ്യക്തിവൈരാഗ്യത്തെത്തുടർന്ന് ജനുവരി 27നാണ് പോത്തുണ്ടി സ്വദേശി സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെ അയൽവാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ 2019ൽ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ സമയത്താണ് ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയത്.