യാക്കോബായ സഭാ ശ്രേഷ്ഠ കാതോലിക്കയുടെ സ്ഥാനാരോഹണം ഇന്ന്
Tuesday, March 25, 2025 3:11 AM IST
കൊച്ചി: യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബാവായായി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ഇന്നു സ്ഥാനമേല്‍ക്കും.
ലബനൻ തലസ്ഥാനമായ ബെയ്റൂട്ടില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ അച്ചാനെയിലെ സെന്റ് മേരീസ് പാത്രിയര്‍ക്കാ കത്തീഡ്രലില്‍ ഇന്ത്യന്‍ സമയം രാത്രി 8.30നാണ് സ്ഥാനാരോഹണ ശുശ്രൂഷകള്‍.
ആഗോള സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് മാര്‍ അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ ശുശ്രൂഷകളില്‍ കാര്‍മികത്വം വഹിക്കും. സഭയിലെ വിവിധ മെത്രാപ്പോലീത്തമാര്‍ സഹകാര്‍മികരാകും. ഇതര ക്രൈസ്തവസഭകളുടെ മേലധ്യക്ഷന്മാരും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികളും പങ്കെടുക്കും.
കാതോലിക്ക സ്ഥാനാരോഹണത്തിനായി കേരളത്തില്‍നിന്നുള്‍പ്പെടെ വൈദികരും വിശ്വാസികളും ബെയ്റൂട്ടില്‍ എത്തിയിട്ടുണ്ട്. അച്ചാനെയിലെ പാത്രിയര്‍ക്ക അരമനയിലെ മാര്‍ സേവേറിയോസ് പള്ളിയില്‍ പാത്രിയര്‍ക്കീസ് ബാവയും നിയുക്ത കാതോലിക്കാബാവായും മറ്റു മെത്രാപ്പോലീത്തമാര്‍ക്കൊപ്പം ഇന്നലെ സന്ധ്യാപ്രാര്‍ഥനയില്‍ പങ്കെടുത്തു.