പോളിടെക്നിക് കഞ്ചാവ് വേട്ട; പണം നല്കിയ വിദ്യാര്‍ഥികളെ സാക്ഷികളാക്കാൻ നീക്കം
Tuesday, March 25, 2025 3:11 AM IST
കൊച്ചി: കളമശേരി ഗവ. പോളിടെക്നിക് കോളജ് ഹോസ്റ്റലില്‍നിന്നു കഞ്ചാവ് കണ്ടെത്തിയ സംഭവത്തില്‍ കഞ്ചാവ് വാങ്ങാന്‍ പണം നല്കിയ വിദ്യാര്‍ഥികളെ സാക്ഷികളാക്കാൻ നീക്കം.വിദ്യാര്‍ഥികള്‍ 16,000 രൂപയാണ് ഗൂഗിള്‍ പേ വഴി പ്രതി അനുരാജിന് അയച്ചുനല്‍കിയത്.
പ്രതികളെ കസ്റ്റഡിയില്‍ ലഭിച്ചാല്‍ മാത്രമേ എത്ര വിദ്യാര്‍ഥികളാണു പണം നല്‍കിയത് എന്നതുസംബന്ധിച്ച് കൂടുതല്‍ വ്യക്തത വരൂ. റിമാന്‍ഡിലുള്ള പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി കളമശേരി പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
അതേസമയം കേസിലെ പ്രതി ആകാശിന് വാര്‍ഷിക പരീക്ഷ എഴുതുന്നതിനായി കോടതി അനുമതി നല്കി. സംഭവത്തില്‍ സാങ്കേതിക വിദ്യാഭ്യാസ വിഭാഗം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് സംഭവത്തില്‍ അന്വേഷണം നടത്തിയത്.
ഇതിന്റെ അടിസ്ഥാനത്തില്‍ കോളജ് ഹോസ്റ്റലിലേക്ക് പുറത്തുനിന്ന് ആര്‍ക്കും എളുപ്പത്തില്‍ കയറാന്‍ സാധിക്കുമായിരുന്നു എന്ന നിഗമനത്തിലേക്കാണ് അന്വേഷണസംഘം എത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി അധ്യാപകരുടെയും പ്രതികളായ വിദ്യാര്‍ഥികളുടെയും മൊഴിയെടുത്തു.
ലഹരി ഉപയോഗത്തെക്കുറിച്ച് ഒന്നരമാസം മുന്‍പുതന്നെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കിയെന്നായിരുന്നു കോളജ് അധികൃതരുടെ മൊഴി. വിശദവിവരങ്ങള്‍ ഉന്നതവിദ്യാഭ്യാസ ഡയറക്ടറെ കത്ത് മുഖേനയും അറിയിച്ചു.
പോളിടെക്നിക് കോളജ് പ്രിന്‍സിപ്പല്‍ പോലീസിനു നല്കിയ കത്താണ് ഈ കേസില്‍ ഏറ്റവും നിര്‍ണായകമായത്. ഹോളി ആഘോഷത്തോടനുബന്ധിച്ച് കാന്പസില് ലഹരി ഇടപാട് നടക്കുമെന്ന സൂചന നല്‍കിയാണ് പ്രിന്‍സിപ്പല്‍ പോലീസിന് കത്തു നല്‍കിയത്.
കഴിഞ്ഞ 12നായിരുന്നു പ്രിന്‍സിപ്പല്‍ കത്ത് നല്‍കിയത്. ലഹരിക്കായി കാന്പസില് പണപ്പിരിവ് നടക്കുന്ന വിവരവും പ്രിന്‍സിപ്പല്‍ അറിയിച്ചു.
ഇതിനുപിന്നാലെയാണ് റെയ്ഡ് ഉള്‍പ്പെടെയുള്ള നിര്‍ണായക നീക്കവുമായി പോലീസ് രംഗത്തെത്തിയത്.