കൊടകര കുഴൽപ്പണക്കേസ്; ഇഡി കുറ്റപത്രം സമര്‍പ്പിച്ചു
Wednesday, March 26, 2025 2:25 AM IST
കൊച്ചി: കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപിക്ക് ക്ലീന്‍ ചിറ്റ് നല്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം. കലൂര്‍ പിഎംഎല്‍എ കോടതിയില്‍ ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 23 പ്രതികളാണുള്ളത്. പ്രതികളെല്ലാം പണം കൊള്ളയടിച്ചവരാണ്. ബിജെപി നേതാക്കള്‍ പ്രതിസ്ഥാനത്തോ സാക്ഷിസ്ഥാനത്തോ ഇല്ല.
മുഹമ്മദ് അലി, സുജീഷ്, രഞ്ജിത്, ദീപക്, അരീഷ്, മാര്ട്ടിന്, ലബീബ്, അഭിജിത്ത്, ബാബു, അബ്ദുള്‍ ഷാഹിദ്, മുഹമ്മദ് ഷുക്കൂര്‍, അബ്ദുള്‍ ബഷീര്‍, അബ്ദുള്‍ സലാം, റഹിം, ഷിജില്‍, അബ്ദുള്‍ റഷീദ്, റൗഫ്, മുഹമ്മദ് ഷാഫി, എഡ്വിന്, ദീപ്തി, സുള്‍ഫിക്കര്‍, റഷീദ്, ജിന്‍ഷാമോള്‍ എന്നിവരാണു പ്രതികള്‍. ആലപ്പുഴയിലുള്ള തിരുവിതാംകൂര്‍ പാലസ് പ്രോപ്പര്‍ട്ടി വാങ്ങുന്നതിന് ഡ്രൈവര്‍ ഷംജീറിന്റെ പക്കല്‍ കോഴിക്കോട് സ്വദേശി ധര്‍മരാജ് കൊടുത്തുവിട്ട 3.56 കോടി രൂപ കൊടകരയിൽ വച്ച് കൊള്ളയടിക്കപ്പെടുകയായിരുന്നു.
പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകള്‍ ധര്‍മരാജ് ഹാജരാക്കിയിരുന്നു. പോലീസ് കണ്ടെത്തിയ കളവുമുതലിനു പുറമെ ഇഡി മൂന്നു ലക്ഷം രൂപയും എട്ടു ലക്ഷം രൂപയുടെ വസ്തുവും കണ്ടുകെട്ടിയെന്നും കുറ്റപത്രത്തിലുണ്ട്.
ഇഡി അന്വേഷിച്ചത് കൊള്ളയടിക്കപ്പെട്ട പണം എന്തു ചെയ്തെന്നു മാത്രമാണ്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ബിജെപി എത്തിച്ച കള്ളപ്പണമാണ് കൊടകരയില്‍ കുഴല്‍പ്പണ വേട്ടക്കാര്‍ തട്ടിയെടുത്തതെന്നാണു പോലീസ് കണ്ടെത്തല്‍. ബിജെപി ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞാണ് ഇഡി കുറ്റപത്രം.
2021 ഏപ്രില്‍ മൂന്നിനു പുലര്‍ച്ചെയാണ് കര്‍ണാടകയില്‍നിന്നു കേരളത്തിലേക്കെത്തിച്ച മൂന്നര കോടി രൂപ കൊടകരയില്‍ വാഹനാപകടമുണ്ടാക്കി ഒരു സംഘം തട്ടിയെടുത്തത്. ഈ കേസില്‍ സ്ത്രീകളടക്കം 22 പേരെ അന്ന് പോലീസ് അറസ്റ്റ് ചെയ്യുകയും രണ്ടു കോടിയോളം രൂപ കണ്ടെടുക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് നിയമസഭാ തെരഞ്ഞെടുപ്പ് ചെലവിനായി ബിജെപിക്കു വേണ്ടിയാണ് ഈ പണമെത്തിയതെന്ന ആരോപണമുയര്‍ന്നത്.
വെളിപ്പെടുത്തലുകൾ ഇഡി അന്വേഷിച്ചില്ലെന്ന് തിരൂർ സതീഷ്
തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ താൻ പറഞ്ഞ കാര്യങ്ങൾ ഇഡി അന്വേഷിച്ചിട്ടുണ്ടോ എന്നു തനിക്കറിയില്ലെന്ന്, ബിജെപി നേതൃത്വത്തിനെതിരേ പോലീസിൽ മൊഴിനൽകിയ തിരൂർ സതീഷ്. ഇഡി കുറ്റപത്രം സമർപ്പിച്ചതുമായി ബന്ധപ്പെട്ടു മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു സതീഷ്.
പല നിർണായക വെളിപ്പെടുത്തലുകളും മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടും ഇഡി അതേക്കുറിച്ച് തന്നോട് അന്വേഷിച്ചിട്ടില്ലെന്നു സതീഷ് പറഞ്ഞു. കേസിലെ പ്രധാന സാക്ഷിയായ തന്നെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്നുപോലും അറിയില്ല. സാക്ഷിയുടെ മൊഴി കേൾക്കാതെയാണോ കുറ്റപത്രം കൊടുത്തതെന്നും മനസിലാകുന്നില്ല.
ബിജെപി ഓഫീസിൽ ചാക്കുകണക്കിനു പണം വന്നുവെന്നു താൻ വെളിപ്പെടുത്തിയിട്ടും അതേക്കുറിച്ച് അന്വേഷിക്കാൻ പറ്റുന്നില്ലെങ്കിൽ ഇഡി എന്ത് അന്വേഷണസംഘമാണെന്നും സതീഷ് ചോദിച്ചു. കുഴൽപ്പണക്കേസിൽ താൻ സ്വീകരിച്ചിട്ടുള്ള നിയമനടപടികൾ തുടരുകയാണ്. അതുമായി മുന്നോട്ടു പോകുമെന്നും സതീഷ് പറഞ്ഞു.