നെല്ലുസംഭരണ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപടണം: മാര്‍ തോമസ് തറയില്‍
Wednesday, March 26, 2025 2:25 AM IST
ചങ്ങനാശേരി: കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകളിലെ നെല്ലുസംഭരണ പ്രതിസന്ധിയില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപട്ട് പരിഹാരം കാണണമെന്ന് ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍.
കൊയ്ത്ത് കഴിഞ്ഞു ദിവസങ്ങള്‍ പിന്നിട്ടിട്ടും നെല്ല് സംഭരിക്കാത്തത് കാര്‍ഷിക മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും കര്‍ഷകര്‍ക്ക് ഭീമമായ നഷ്ടത്തിനു കാരണമാകുമെന്നും ആര്‍ച്ച് ബിഷപ് കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ കിഴിവിനായി മില്ലുടമകള്‍ വിലപേശല്‍ നടത്തുന്നതും നെല്ലെടുപ്പ് മനപ്പൂര്‍വം മന്ദഗതിയിലാക്കുന്നതും കാലാവസ്ഥ പ്രതികൂലമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കര്‍ഷകരിൽ ആശങ്കയ്ക്കിടയാക്കുകയാണ്.
കൊയ്ത്ത് യന്ത്ര ഉടമകളുടെയും മില്ലുടമകളുടെയും താത്പര്യങ്ങള്‍ക്കനുസരിച്ച് നെല്‍കാര്‍ഷിക മേഖല നിയന്ത്രിക്കപ്പെടുന്നത് അപലപനീയമാണ്. ഇക്കാര്യങ്ങളൊക്കെ ശ്രദ്ധിക്കേണ്ട പാഡി ഓഫീസര്‍മാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജനപ്രതിനിധികളും സര്‍ക്കാര്‍ സംവിധാനങ്ങളും ഉറപ്പുവരുത്തണം.
പ്രതിസന്ധിയിലായിക്കുന്ന കുട്ടനാടന്‍ കാര്‍ഷികരംഗത്ത് സര്‍ക്കാരിന്റെ സത്വരശ്രദ്ധ പതിയണമെന്നും കൈകാര്യച്ചെലവ് വര്‍ധിപ്പിക്കുന്നതിനും കൊയ്ത്ത് യന്ത്രങ്ങള്‍ സുതാര്യമായി അലോട്ട് ചെയ്യുന്നതിനും നെല്ല് യഥാസമയം സംഭരിക്കുന്നതിനും സംഭരിച്ച നെല്ലിന്റെ വില താമസംവിനാ ലഭ്യമാക്കുന്നതിനുമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും മാര്‍ തോമസ് തറയില്‍ ആവശ്യപ്പെട്ടു.