നിയമസഭയിൽ രാഹുൽ മാങ്കൂട്ടത്തിലിനെ മന്ത്രി ബിന്ദു അധിക്ഷേപിച്ചെന്ന് ആരോപണം
Wednesday, March 26, 2025 2:25 AM IST
തിരുവനന്തപുരം: സർവകലാശാലാ നിയമ ഭേദഗതി ബിൽ ചർച്ചയ്ക്കുള്ള മറുപടിയിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു രാഹുൽ മാങ്കൂട്ടത്തിലിനെതിരേ നടത്തിയ പരാമർശത്തെത്തുടർന്ന് സഭയിൽ ഭരണ-പ്രതിപക്ഷ ബഹളവും തുടർന്ന് പ്രതിപക്ഷ ഇറങ്ങിപ്പോക്കും. രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രസംഗം ‘വെർബൽ ഡയേറിയ’യാണ് എന്ന മന്ത്രിയുടെ പരാമർശമാണ് സഭയിൽ രൂക്ഷ ബഹളത്തിന് ഇടയാക്കിയത്.
മന്ത്രിയുടെ ഈ പരാമർശത്തിനെതിരേ രമേശ് ചെന്നിത്തലയാണ് ആദ്യം രംഗത്തു വന്നത്. രാഹുലിനെതിരേ മന്ത്രിയുടെ ഭാഗത്തുനിന്നും മോശം പരാമർശമാണ് ഉണ്ടായതെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
ഇതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഇടപെടൽ ഉണ്ടായത്. പ്രതിപക്ഷാംഗങ്ങൾ നിയമസഭയിൽ ബില്ലിൻമേൽ പ്രസംഗിച്ചതിനെ രോദനമെന്നാണ് മന്ത്രി പറഞ്ഞത്. ഇതിനു പിന്നാലെ വീണ്ടും മോശം പരാമർശം നടത്തി.
ആ പരാമർശം പിൻവലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എന്നാൽ തുടർന്നു പ്രസംഗിച്ച മന്ത്രി, രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭയിൽ എന്നെക്കുറിച്ച് ഇങ്ങനെ പറയാമെങ്കിൽ എനിക്കും പറയാം. നുണ കൂട്ടിച്ചേർത്താണ് രാഹുൽ പ്രസംഗിച്ചതെന്നും മന്ത്രി പറഞ്ഞു.
ഇതേത്തുടർന്ന് വീണ്ടും ഇടപെട്ട പ്രതിപക്ഷ നേതാവ് നിയമസഭയിൽ മന്ത്രി വളരെ അപകീർത്തിപ്പെടുത്തിയാണ് പ്രസംഗിച്ചതെന്നും അതു പിൻവലിക്കാൻ തയാറാകാത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭാ നടപടികൾ ബഹിഷ്കരിക്കുകയാണെന്നും പറഞ്ഞ് ഇറങ്ങിപ്പോയി.
രാഹുൽ മാങ്കൂട്ടത്തിൽ പ്രസംഗിച്ചപ്പോൾ മന്ത്രിക്കെതിരേ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്.മുന്പുണ്ടായിരുന്ന ഗവർണർ രാജ് മാറ്റി ഇപ്പോൾ മന്ത്രി രാജ് ആക്കുന്നതാണ് ഈ ബില്ലെന്നു പറഞ്ഞ രാഹുൽ, മന്ത്രിക്ക് ഇപ്പോൾ സർവകലാശാലകൾ അടക്കിഭരിക്കാനുള്ള ആർത്തിയാണെന്നും അംഗങ്ങൾ ചോദ്യങ്ങൾ ചോദിക്കുന്പോൾ പുച്ഛവും പരിഹാസവും കലർന്ന മറുപടിയാണ് പറയുന്നതെന്നും രാഹുൽ പ്രസംഗത്തിൽ പറഞ്ഞു. ഇതിനു മറുപടിയായിരുന്നു മന്ത്രിയുടെ ‘വെർബൽ ഡയേറിയ’ പരാമർശം.