കലൂര്‍ സ്റ്റേഡിയം അപകടം; മൃദംഗ വിഷൻ കുറ്റക്കാർ
Wednesday, March 26, 2025 2:25 AM IST
കൊച്ചി: കലൂര്‍ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച മെഗാ നൃത്തപരിപാടിക്കെത്തിയ ഉമ തോമസ് എംഎല്‍എയ്ക്ക് സ്റ്റേജില്‍നിന്നു വീണ് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്‍ ഗുരുതര വീഴ്ച സംഭവിച്ചെന്നു കണ്ടെത്തല്‍. അതേസമയം ജിസിഡിഎയ്ക്കും പോലീസിനും അന്വേഷണസംഘം ക്ലീന്‍ചിറ്റ് നല്കി.
മൂന്നു മാസം നീണ്ട അന്വേഷണത്തില്‍ പോലീസ് 250 ഓളം പേരുടെ മൊഴി രേഖപ്പെടുത്തി. അപകടകരമായ രീതിയിലാണ് വിഐപികള്‍ക്ക് ഇരിക്കാനുള്ള സ്റ്റേജ് നിര്‍മിച്ചതെന്നും ബാരിക്കേഡ് ഇല്ലാത്ത സ്റ്റേജിന്റെ മുന്‍വശത്ത് ഒരാള്‍ക്ക് നടന്നുപോകാന്‍പോലും സ്ഥലമില്ലായിരുന്നുവെന്നും ഇക്കാരണങ്ങളാണ് അപകടത്തിലേക്കു നയിച്ചതെന്നുമാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. നടി ദിവ്യാ ഉണ്ണിയുടെ മൊഴിയെടുക്കല്‍ മാത്രമാണ് ഇനി ശേഷിക്കുന്നത്.
2024 ഡിസംബര്‍ 29ന് വൈകുന്നേരം മന്ത്രി സജി ചെറിയാൻ അടക്കം വേദിയിലിരിക്കുമ്പോഴായിരുന്നു അപകടം. ഗിന്നഡ് റിക്കാര്‍ഡ് ലക്ഷ്യമിട്ടായിരുന്നു പരിപാടി. അപകടത്തെത്തുടര്‍ന്ന് 45 ദിവസത്തോളം നീണ്ട ചികിത്സയ്ക്കുശേഷമാണ് ഉമ തോമസ് ആശുപത്രി വിട്ടത്.