കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കപ്പൽ ജീവനക്കാരിൽ രണ്ട് മലയാളികൾ
Wednesday, March 26, 2025 2:25 AM IST
പള്ളിക്കര (കാസർഗോഡ്): ആഫ്രിക്കൻ രാജ്യങ്ങളായ ടോഗോയ്ക്കും കാമറൂണിനും ഇടയിൽ അറ്റ്ലാന്റിക് സമുദ്രത്തിൽവച്ച് കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ 10 കപ്പൽ ജീവനക്കാരിൽ രണ്ടു മലയാളികൾ ഉൾപ്പെട്ടതായി വിവരം.
കാസർഗോഡ് ബേക്കലിനു സമീപം പനയാൽ കോട്ടപ്പാറയിലെ രജീന്ദ്രൻ ഭാർഗവൻ (35) ബന്ദിയാക്കപ്പെട്ടവരിൽ ഉൾപ്പെട്ടതായി കപ്പൽ കമ്പനി അധികൃതർ ബന്ധുക്കളെ അറിയിച്ചു. രണ്ടാമത്തെ മലയാളി കൊച്ചി സ്വദേശിയാണെന്നാണു സൂചന.
ഇവർക്കു പുറമേ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള അഞ്ച് ഇന്ത്യക്കാരും ബന്ദിയാക്കപ്പെട്ടവരിൽ ഉണ്ടെന്നാണു വിവരം. മറ്റു രാജ്യങ്ങളിൽനിന്നുള്ള മൂന്നു പേരും ഉണ്ട്. ടോഗോയിലെ ലോമോ തുറമുഖത്തുനിന്ന് കാമറൂണിലേക്കു പോകുകയായിരുന്ന പനാമയിലെ വിറ്റൂ റിവർ എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ചരക്കുകപ്പലാണ് കടൽക്കൊള്ളക്കാർ റാഞ്ചിയത്.
മുംബൈയിലെ മേരിടെക് ടാങ്കർ മാനേജ്മെന്റ് എന്ന കമ്പനിയുടെ ചരക്കാണു കപ്പലിലുണ്ടായിരുന്നത്. കഴിഞ്ഞ 18ന് ഉച്ചയോടെയാണ് കപ്പൽ റാഞ്ചിയ കാര്യം പനാമയിലെ കപ്പൽ കമ്പനി അധികൃതർ രജീന്ദ്രന്റെ ബന്ധുക്കളെ വിളിച്ചറിയിച്ചത്. തലേദിവസം രാത്രിയിലായിരുന്നു സംഭവമെന്നു പറയുന്നു.
ആകെ 18 ജീവനക്കാരാണു കപ്പലിലുണ്ടായിരുന്നത്. ഇതിൽ 10 പേരെയാണു ബന്ദികളാക്കിയത്. കപ്പലും ബാക്കി ജീവനക്കാരും ഇതിനു സമീപംതന്നെ കടലിൽ നങ്കൂരമിട്ടിരിക്കുകയാണ്. ഈ ജീവനക്കാരുമായി കപ്പൽ കമ്പനിക്കു ബന്ധപ്പെടാൻ കഴിയുന്നുണ്ട്.
എന്നാൽ, ബന്ദികളുമായി ബന്ധപ്പെടാൻ കഴിയുന്നില്ല. എങ്കിലും ഇവർ സുരക്ഷിതരാണെന്ന് അറിയിച്ചിട്ടുണ്ട്. കടൽക്കൊള്ളക്കാരുടെ ലക്ഷ്യം മോചനദ്രവ്യമാണോ മറ്റെന്തെങ്കിലുമാണോ എന്ന കാര്യം വ്യക്തമല്ല.
രജീന്ദ്രന്റെ ഭാര്യ വാണി പൂർണഗർഭിണിയാണ്. പ്രസവത്തീയതി വരുംദിവസങ്ങളിൽ നിശ്ചയിച്ചിട്ടുള്ളതിനാൽ കപ്പൽ കാമറൂണിലെത്തിയശേഷം അവിടെനിന്നു നാട്ടിലേക്കു വിമാനം കയറാനുള്ള ഒരുക്കത്തിലായിരുന്നു രജീന്ദ്രൻ.
ബന്ദികളുടെ മോചനത്തിനായി അടിയന്തര ഇടപെടൽ നടത്തണമെന്നഭ്യർഥിച്ച് രജീന്ദ്രന്റെ ബന്ധുക്കൾ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ, ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ, കേരളത്തിൽനിന്നുള്ള മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മുഖ്യമന്ത്രി പിണറായി വിജയൻ, എംപിമാരായ രാജ്മോഹൻ ഉണ്ണിത്താൻ, ഷാഫി പറമ്പിൽ എന്നിവർക്ക് നിവേദനം നല്കിയിട്ടുണ്ട്.