ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിൽ രണ്ടു വർഷമായി നടപടിയില്ലെന്നു പ്രതിപക്ഷം
Wednesday, March 26, 2025 2:25 AM IST
തിരുവനന്തപുരം: ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സാമൂഹിക-സാന്പത്തിക പിന്നാക്കാവസ്ഥ പഠിച്ചു ശിപാർശകൾ നൽകിയ ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് വൈകാതെ മന്ത്രിസഭയുടെ പരിഗണനയ്ക്കു കൊണ്ടുവരുമെന്നു മന്ത്രി വി. അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. നിയമനിർമാണം നടത്തേണ്ടത് അടക്കമുള്ള 11 ശിപാർശകളാണ് മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് ഉടൻ കൊണ്ടുവരികയെന്നു മന്ത്രി പറഞ്ഞു.
രണ്ടു വർഷം മുന്‍പ് ജെ.ബി. കോശി കമ്മീഷൻ സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിൽ തുടർനടപടി സ്വീകരിക്കാതെ ഇപ്പോഴും കൈവശം വച്ചിരിക്കുകയാണെന്നു കോണ്‍ഗ്രസിലെ ടി. സിദ്ധിഖ് ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിൽ ആരോപിച്ചു.
ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിച്ചു വേണ്ട മാറ്റങ്ങൾ നിർദേശിക്കാൻ നിയോഗിച്ച റിട്ട. ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ 282 ശിപാർശകൾ അടങ്ങിയ റിപ്പോർട്ടാണു സർക്കാരിന് സമർപ്പിച്ചതെന്നു മന്ത്രി പറഞ്ഞു.
ഇതിൽ 152 ശിപാർശകൾ ഇതുവരെ നടപ്പാക്കിക്കഴിഞ്ഞു. മലയോര-തീരദേശ മേഖലയിലെ ക്രൈസ്തവ വിഭാഗങ്ങൾ നേരിടുന്ന പിന്നാക്കാവസ്ഥ പരിഹരിക്കാൻ കേന്ദ്രസർക്കാരുമായി ചർച്ച ചെയ്യേണ്ട ശിപാർശകളും ഇതിലുണ്ട്. ചീഫ് സെക്രട്ടറി അധ്യക്ഷയായ സെക്രട്ടറിതല സമിതി ഇക്കാര്യത്തിൽ പരിശോധന നടത്തിവരുന്നു.
ശിപാർശകളിൽ നടപ്പാക്കാൻ കഴിയാത്തവയുടേത് അടക്കമുള്ള പട്ടിക തയാറാക്കും. കമ്മീഷൻ റിപ്പോർട്ടിന്മേൽ തുടർനടപടികളിൽ മികച്ച പുരോഗതി സ്വീകരിച്ചുവരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഇതുസംബന്ധിച്ചു മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് നിർദേശങ്ങൾ നൽകിയതായും മന്ത്രി പറഞ്ഞു.