ഡാമുകൾക്കു ചുറ്റും ബഫർ സോണ്‍ ഏർപ്പെടുത്തിയ ഉത്തരവ് പിൻവലിക്കും
Wednesday, March 26, 2025 2:25 AM IST
തിരുവനന്തപുരം: ജലവിഭവ വകുപ്പിന്റെ അധീനതയിലുള്ള ജലസംഭരണികളുടെയും ഡാമുകളുടെയും 20 മീറ്റർ വരെയുള്ള പ്രദേശത്ത് ബഫർ സോണും 100 മീറ്റർ വരെയുള്ള സ്ഥലത്തു നിർമാണ നിയന്ത്രണവും ഏർപ്പെടുത്തിയ ഉത്തരവ് പിൻവലിക്കുമെന്നു മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയെ അറിയിച്ചു.
സംസ്ഥാനത്തെ എല്ലാ ഡാമുകളുടെയും 20 മീറ്റർ വരെയുള്ള പ്രദേശം ബഫർ സോണും പിന്നീടുള്ള 100 മീറ്ററിൽ എൻഒസിയും വേണമെന്നു നിർദേശിച്ചു കടുത്ത നിയന്ത്രണവും ഏർപ്പെടുത്തിയ 2024 ഡിസംബർ 26ന് ഇറക്കിയ ഉത്തരവ് പിൻവലിക്കണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിലെ ആവശ്യത്തെ തുടർന്നാണ് ഉത്തരവ് പിൻവലിക്കാമെന്നു മന്ത്രി നിയമസഭയിൽ അറിയിച്ചത്.
കേരളത്തിലെ ഡാമുകൾ നിലവിൽ വന്നിട്ട് പതിറ്റാണ്ടുകളായിട്ടും ഇതുവരെ ഇല്ലാത്ത നിയന്ത്രണമാണ് കഴിഞ്ഞ ഡിസംബർ 26ലെ ഉത്തരവിലൂടെ കൊണ്ടുവന്നിരിക്കുന്നതെന്ന് അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച മോൻസ് ജോസഫ് ആരോപിച്ചു. എൻഒസിയുടെ പേരിൽ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ ജനങ്ങളെ കഷ്ടപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളെല്ലാം നിലവിൽ ജെണ്ട കെട്ടി തിരിച്ചിട്ടുണ്ടെന്നും ജണ്ട കെട്ടിയ സ്ഥലത്ത് പട്ടയം നൽകാൻ പാടില്ലെന്ന് 2006ൽ ഉമ്മൻ ചാണ്ടി സർക്കാർ തീരുമാനിച്ചിരുന്നതായും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
ജണ്ടയ്ക്കു പുറത്തു പട്ടയം നൽകാം. എന്നാൽ, ഒരു കോടതി ഉത്തരവിന്റെ മറവിൽ കൂടുതൽ പ്രദേശത്ത് ബഫർ സോണ്‍ ഏർപ്പെടുത്തുന്ന സമീപനമാണു സർക്കാർ സ്വീകരിച്ചത്. ഇത്തരമൊരു ഉത്തരവ് നിലനിന്നാൽ ഉദ്യോഗസ്ഥർ അതിനെ ദുർവ്യാഖ്യാനം ചെയ്യും.
ഈ ഉത്തരവ് പിൻവലിക്കുമെന്നു മന്ത്രി ഉറപ്പു നൽകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. തുടർന്നാണ് ബഫർ സോണ്‍ ഉത്തരവ് പിൻവലിക്കാമെന്നു മന്ത്രി നിയമസഭയിൽ അറിയിച്ചത്.