വിശ്വാസം എന്ന ആയുധം
Wednesday, March 26, 2025 2:25 AM IST
ജോസഫ് അന്നംകുട്ടി ജോസ്
1945 ഒക്ടോബർ 12ന് അമേരിക്കൻ സർക്കാർ നൽകുന്ന ധീരതയ്ക്കുള്ള പരമോന്നത ബഹുമതിയായ "Medal of Honor' ലഭിച്ചത് 43 പട്ടാളക്കാർക്കായിരുന്നു. അവരിൽ ഡെസ്മണ്ട് ഡോസ്സ് എല്ലാവരിൽനിന്നും വ്യത്യസ്തനായിരുന്നു.
ആയുധം ഉപയോഗിക്കാതെതന്നെ യുദ്ധത്തിന്റെ ഭാഗമാകാൻ കഴിയുന്ന "Conscientious Objector’ എന്ന പദവിയാണ് അദ്ദേഹം സ്വീകരിച്ചത്. യുദ്ധത്തിൽ പരിക്കേറ്റവരെ ശുശ്രൂഷിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ചുമതല. ആയുധമെടുക്കാൻ മടി കാണിക്കുന്ന, എല്ലാ ദിവസവും ബൈബിൾ വായിക്കുന്ന, പ്രാർഥിക്കുന്ന ഡെസ്മണ്ട് എല്ലാവരുടെയും പരിഹാസപാത്രമായിരുന്നു.
ജപ്പാനിലെ ഒക്കിനാവയിൽ ശത്രുവിന്റെ ആക്രമണം തുടർന്നുകൊണ്ടിരിക്കുമ്പോൾ ചീറിപ്പായുന്ന വെടിയുണ്ടകൾക്കു നടുവിലൂടെ ഏഴ് മണിക്കൂറുകൾക്കുള്ളിൽ, പരിക്കേറ്റ 75 പട്ടാളക്കാരെ ഡെസ്മണ്ട് ക്യാമ്പിലേക്ക് എത്തിക്കുകയും അവരുടെ ജീവൻ രക്ഷിക്കുകയും ചെയ്തു.
ഏറ്റവും വലിയ ധീരത
യുദ്ധമുഖത്തായിരുന്ന ഏഴ് മണിക്കൂറും അയാളുടെ ഇടനെഞ്ചിനോടു ചേർന്ന് ചെറിയൊരു ബൈബിൾ ഉണ്ടായിരുന്നു. ഒരാളുടെ ഏറ്റവും വലിയ ധീരത അയാളുടെ വിശ്വാസങ്ങളെ മുറുകെപ്പിടിക്കലാണെന്നു തോന്നുന്നു. അയാളുടെ വിശ്വാസം രണ്ട് കാര്യങ്ങൾ ചേർന്നതായിരുന്നു: യേശുവിലുള്ള ഉറച്ച വിശ്വാസം, മനുഷ്യരോടുള്ള സഹാനുഭൂതി.
ദൈവത്തിനു വേണ്ടി മനുഷ്യരെ കൊല്ലുന്ന, അവഹേളിക്കുന്ന, സമരം ചെയ്യുന്ന ഈ കെട്ട കാലത്തിൽ ഡെസ്മണ്ട് ഡോസ്സ് എന്ന ചെറുപ്പക്കാരന്റെ ജീവിതം ക്രിസ്തുവിനെ പിന്തുടരുന്നവർക്ക് ഒരു വെല്ലുവിളിയാണ്. നമ്മുടെ വിശ്വാസം മറ്റുള്ളവരെ പരിക്കേൽപ്പിക്കുന്നതാകരുത്, നമ്മൾ വിശ്വസിക്കുന്ന ക്രിസ്തുവിനെ അറിയാൻ നമ്മുടെ ജീവിതമാതൃക മറ്റുള്ളവരെ സഹായിക്കുന്നുണ്ടോ എന്നതിലാണ് കാര്യം.
ഒരാളെങ്കിലും...
പാഷൻ ഓഫ് ദി ക്രൈസ്റ്റ് സിനിമയുടെ സംവിധായകനായ മെൽ ഗിബ്സൺ ഡെസ്മണ്ടിന്റെ ഈ ധീരതയെ സിനിമയാക്കിയിട്ടുണ്ട്. "Hacksaw Ridge' എന്നാണ് സിനിമയുടെ പേര്. സിനിമയിൽ നമ്മെ കോരിത്തരിപ്പിക്കുന്ന ഒരു രംഗമുണ്ട്.
യുദ്ധം അതിന്റെ അവസാന ദിനങ്ങളിലേക്കു കടക്കുകയാണ്. പട്ടാളക്കാർക്കു മുന്നോട്ടു പോകാൻ ക്യാമ്പിൽനിന്നു നിർദേശം കിട്ടിയിട്ടും എല്ലാവരും നിശബ്ദരായി നിൽക്കുകയാണ്. ക്യാമ്പിൽനിന്ന് ഒരു കോൾ വരുന്നു, “നിങ്ങൾ എന്തുകൊണ്ട് മുന്നോട്ടു പോകുന്നില്ല?” ട്രൂപ്പിന്റെ ചാർജുള്ള ഉദ്യോഗസ്ഥൻ പറഞ്ഞ മറുപടി ഇങ്ങനെ: “സാർ, ഡെസ്മണ്ട് പ്രാർഥിക്കുകയാണ്, അവൻ പ്രാർഥന പൂർത്തിയാക്കിയാൽ ഉടനെ ഞങ്ങൾ മുന്നോട്ടുപോകും.”
ഡെസ്മണ്ടിന്റെ വിശ്വാസത്തെ കളിയാക്കിയവർപോലും അവന്റെ വിശ്വാസത്തെ വിശ്വസിച്ചു തുടങ്ങിയിരുന്നു. ഈ നോമ്പുകാലത്തിൽ "എന്റെ വിശ്വാസം കണ്ട് യേശുവിൽ വിശ്വസിച്ച' ഒരാളെങ്കിലും ഉണ്ടാകുമോ എന്ന് ആത്മപരിശോധന ചെയ്യാം.