വയനാട് പുനരധിവാസം: ഭൂമി ഏറ്റെടുക്കാന്‍ അനുമതി
Tuesday, March 25, 2025 3:11 AM IST
കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കാന്‍ ഹൈക്കോടതിയുടെ അനുമതി.
ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്നതിനാണ് കോടതി താത്കാലിക അനുമതി നല്‍കിയത്. നഷ്ടപരിഹാരമായി നിശ്ചയിച്ചിരിക്കുന്ന 26 കോടി രൂപ ഹൈക്കോടതിയില്‍ കെട്ടിവച്ച് ഭൂമി ഏറ്റെടുക്കാനാണു നിര്‍ദേശം.
27ന് നിശ്ചയിച്ചിരിക്കുന്ന നിര്‍മാണോദ്ഘാടനം തടസപ്പെടരുതെന്ന സര്‍ക്കാരിന്റെ വാദം കണക്കിലെടുത്താണ് ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് എസ്. മനു എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഭൂമി ഏറ്റെടുക്കുന്നതിനെതിരേ എല്‍സ്റ്റണ്‍, ഹാരിസണ്‍ മാനേജ്മെന്റുകള്‍ നല്കിയ അപ്പീലുകള്‍ ഫയലില്‍ സ്വീകരിക്കുകയും ചെയ്തു.
എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഏറ്റെടുക്കുന്ന 78.73 ഹെക്ടര്‍ ഭൂമിക്ക് നഷ്ടപരിഹാരമായി 26 കോടി രൂപ നിശ്ചയിച്ചത് എങ്ങനെയെന്നു വ്യക്തമാക്കി സത്യവാങ്മൂലം നല്‍കാനും കോടതി നിര്‍ദേശിച്ചു.
ഹാരിസണ്‍ നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടര്‍ ഭൂമി തത്കാലം ഏറ്റെടുക്കുന്നില്ലെന്നും പിന്നീട് ഏറ്റെടുക്കേണ്ട സാഹചര്യം വന്നാല്‍ കോടതിയുടെ അനുമതി തേടുമെന്നും അഡ്വക്കറ്റ് ജനറല്‍ അറിയിച്ചു. ഇത് കോടതി രേഖപ്പെടുത്തി. ശിലാസ്ഥാപനത്തിനുശേഷം എന്ന് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നും കോടതി ആരാഞ്ഞു.