ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി പാചകവാതകം ചോർന്നു
Tuesday, March 25, 2025 3:11 AM IST
പാലക്കാട്: കഞ്ചിക്കോട് വ്യവസായമേഖലയിൽ റോഡ് അറ്റകുറ്റപ്പണിക്കിടെ വീണ്ടും അദാനി സിറ്റി ഗ്യാസ് പദ്ധതിയിലെ പൈപ്പ് ലൈൻ പൊട്ടി രണ്ടുമിനിറ്റോളം പാചകവാതകം ചോർന്നു.
തൊഴിലാളികൾ വിവരംനൽകിയ ഉടൻ വാൽവുകൾ അടച്ച് ചോർച്ച പരിഹരിച്ചു. നേരിയ രീതിയിലാണു ചോർച്ചയുണ്ടായത്.
പാത നവീകരിക്കുന്നതിന്റെ ഭാഗമായി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു മണ്ണുമാറ്റുന്നതിനിടെയാണ് അപകടം. ഗ്യാസ് പൈപ്പ് ലൈൻ ഉദ്യോഗസ്ഥസംഘവും കഞ്ചിക്കോടുനിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.
സുരക്ഷ വിലയിരുത്തിയശേഷം റോഡ് അറ്റകുറ്റപ്പണികളും നിർമാണജോലികളും പുനരാരംഭിച്ചു.