മില്‍മ പാലിന് രുചിവ്യത്യാസം; ആയിരക്കണക്കിന് ലിറ്റര്‍ പാല് ഉപയോഗശൂന്യമായി
Tuesday, March 25, 2025 3:11 AM IST
കാഞ്ഞങ്ങാട്: മില്‍മയുടെ മാവുങ്കാലിലെ കാസര്‍ഗോഡ് ജില്ലാ ഡയറിയില്‍നിന്നു ശനിയാഴ്ച വിതരണം ചെയ്ത പായ്ക്കറ്റ് പാലിനെക്കുറിച്ച് വ്യാപക പരാതി.
പാല് തിളപ്പിക്കുമ്പോള്‍ രൂക്ഷഗന്ധം ഉയരുന്നതായും മണ്ണെണ്ണ ചുവയ്ക്കുന്നതുമായാണു പരാതി ഉയര്‍ന്നത്. പാല് വാങ്ങി വീട്ടില്‍ കൊണ്ടുപോയി ചായ തിളപ്പിച്ചപ്പോള്‍ അരുചി തോന്നിയതിനെത്തുടര്‍ന്ന് പലരും തിരിച്ചുചെന്നു കച്ചവടക്കാരുമായി വഴക്കുണ്ടാക്കി.
മാവുങ്കാല്‍ ആനന്ദാശ്രമം സ്വദേശിയായ ബസ് കണ്ടക്ടര്‍ ദാമോദരന്‍ തന്റെ വിവാഹവാര്ഷികദിനം ആഘോഷിക്കാനാണു നാലു പായ്ക്കറ്റ് മില്‍മ പാല് വാങ്ങി പായസമുണ്ടാക്കിയത്. “ആദ്യം മകള്‍ക്കു കൊടുത്തത് ഒരു കവിള് കുടിച്ചപ്പോള്‍ തന്നെ എന്തോ അരുചി തോന്നി മാറ്റിവച്ചു. ഞാനും ഭാര്യയും കുടിച്ചപ്പോള്‍ മണ്ണെണ്ണ ചുവയ്ക്കുന്നുണ്ടായിരുന്നു. വീട്ടിലെ പൂച്ച പോലും ഇതു കുടിക്കാന്‍ കൂട്ടാക്കിയില്ല’’. -ദാമോദരന്‍ പറയുന്നു.
ഞായറാഴ്ചയും ഇന്നലെയുമായി ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് മില്‍മ ഡെയറിയിലെത്തിയത്. ആര്‍ക്കും ആരോഗ്യപ്രശ്നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. കാഞ്ഞങ്ങാട്, നീലേശ്വരം, മാവുങ്കാല്‍, ഒടയംചാല്‍, പള്ളിക്കര, പടന്ന തുടങ്ങി വിവിധ ഭാഗങ്ങളില്‍നിന്നും പരാതി എത്തി. ഇതോടെ ശനിയാഴ്ച വിതരണം ചെയ്ത പാല് തിരിച്ചെത്തിക്കാന്‍ മില്‍മ നിര്‍ദേശം നല്കി. തുടര്‍ന്ന് പൊട്ടിക്കാത്ത 3800 ഓളം പായ്ക്കറ്റ് പാല് മില്‍മ ഡയറിയില്‍ തിരിച്ചെത്തി. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് ഇതോടെ മില്‍മയ്ക്കുണ്ടായത്.
പാല് കൊണ്ടുവരുന്ന ടാങ്കറില്‍ നിന്നാകാം മണ്ണെണ്ണ പോലുള്ള വസ്തു കലര്‍ന്നതെന്നാണു സംശയിക്കുന്നത്. കാസര്‍ഗോഡ് ജില്ലയില്‍നിന്നു മാത്രമല്ല, കര്‍ണാടകയില്‍ നിന്നും മഹാരാഷ്ട്രയില്‍നിന്നും ഇവിടേക്കു പാല് എത്താറുണ്ട്.
വിശദമായ പരിശോധനയ്ക്കുശേഷമാണു പാല് പായ്ക്ക് ചെയ്യുന്നതെന്നും മണ്ണെണ്ണ പോലുള്ളവ പാലില്‍ കലരാന്‍ സാധ്യതയില്ലെന്നും ഡയറി മാനേജര്‍ മാത്യു വര്‍ഗീസ് പറഞ്ഞു. “പരാതി ലഭിച്ച പാലിന്റെ സാമ്പിള്‍ മിൽമയുടെ ലാബില്‍ പരിശോധിച്ചെങ്കിലും കുഴപ്പങ്ങളൊന്നും കണ്ടെത്തിയില്ല. ഭക്ഷ്യസുരക്ഷാവകുപ്പിന്റേതിനേക്കാള് മികച്ച ലാബുകളാണു മില്‍മയുടേത്.
കൂടുതല്‍ പരിശോധനയ്ക്കായി കൊച്ചിയിലോ മൈസൂരുവിലോ ഉള്ള ലാബിലേക്ക് സാമ്പിള്‍ അയയ്ക്കും. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും നടപടി സ്വീകരിക്കും.’’-അദ്ദേഹം പറഞ്ഞു. പ്രതിദിനം 55,000 ലിറ്റര്‍ പാലാണ് മാവുങ്കാല്‍ ഡയറിയില്‍നിന്നു വിതരണം ചെയ്യുന്നത്.