വാളയാര്‍ കേസ്: മാതാപിതാക്കളോടു ഹാജരാകാന്‍ കോടതി നിര്‍ദേശം
Wednesday, March 26, 2025 2:25 AM IST
കൊച്ചി: വാളയാര്‍ പീഡനക്കേസില്‍ മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കളോടു ഹാജരാകാന്‍ കോടതി നിര്‍ദേശം. അടുത്തമാസം 25ന് വിചാരണക്കോടതിയായ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടാണു സമന്‍സ് അയച്ചത്. മാതാപിതാക്കളെ രണ്ടും മൂന്നും പ്രതികളാക്കിയാണു സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.
ആത്മഹത്യാ പ്രേരണക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കാന്‍ മാതാപിതാക്കള്‍ കൂട്ടുനിന്നെന്നാണു കണ്ടെത്തല്‍.
ഇത് അംഗീകരിക്കണമെന്ന് പ്രാരംഭവാദത്തിനിടെ പ്രത്യേക കോടതിയില്‍ സിബിഐ അപേക്ഷിച്ചിരുന്നു. തുടര്‍ന്നാണ് അടുത്തമാസം ഹാജരാകാന്‍ നിര്‍ദേശിച്ചത്.
കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ സിബിഐയോടു വിശദീകരണം തേടിയിരിക്കുകയാണ്. സമന്‍സ് അയക്കുന്നത് ഒഴിവാക്കണമെന്ന് മാതാപിതാക്കളുടെ അഭിഭാഷകന് ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല.