വിജിലൻസ് അന്വേഷണത്തിനിടെ എസ്പി സുജിത് ദാസിന് പോലീസ് ആസ്ഥാനത്ത് നിയമനം
Wednesday, March 26, 2025 2:44 AM IST
തിരുവനന്തപുരം: ഗുരുതര ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം നടക്കുന്നതിനിടെ എസ്പി സുജിത് ദാസിന് പോലീസ് ആസ്ഥാനത്തു നിയമനം.
ഇൻഫർമേഷൻ, കമ്യൂണിക്കേഷൻ ആൻഡ് ടെക്നോളജി എസ്പിയായാണ് സുജിത്തിനെ നിയമിച്ചത്. മുൻ ഭരണകക്ഷി എംഎൽഎയായ പി.വി. അൻവർ ഉന്നയിച്ച കള്ളക്കടത്തു സ്വർണം തട്ടിയെടുക്കൽ, എസ്പിയുടെ വസതിയിലെ മരംമുറി അടക്കമുള്ള ആരോപണങ്ങളിലാണ് അന്വേഷണം നടക്കുന്നത്.
സുജിത്ദാസിന്റെ സസ്പെൻഷൻ കഴിഞ്ഞ ആറിനാണ് റദ്ദാക്കി സർവീസിൽ തിരിച്ചെടുത്തത്. തുടർന്ന് ഇന്നലെയാണ് നിയമനം നൽകി ഉത്തരവിറക്കിയത്.
മരംമുറിയെക്കുറിച്ച് പി.വി.അൻവർ നൽകിയ പരാതി പിൻവലിച്ചാൽ ശേഷിക്കുന്ന സർവീസ് കാലത്ത് താൻ അൻവറിന് വിധേയനായിരിക്കുമെന്ന സുജിത് ദാസിന്റെ ഫോണ് സംഭാഷണം പുറത്തുവന്നത് പോലീസ് സേനയ്ക്ക് ആകെ നാണക്കേടുണ്ടാക്കിയിരുന്നു.
ഈ സംഭാഷണത്തിൽ അന്നത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ അജിത്കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ പി. ശശിക്കുമെതിരേ ആരോപണങ്ങൾ ഉയർന്നിരുന്നു.