ബസിൽ പാമ്പ് പാഴ്സൽ! ; ലഹരി ഉപയോഗത്തിനെന്ന് നിഗമനം
Tuesday, March 25, 2025 3:11 AM IST
ചാത്തന്നൂർ: ബംഗളൂരുവിൽനിന്നും തിരുവനന്തപുരത്തേക്ക് വന്ന കെഎസ്ആർടിസി സ്കാനിയ ബസിൽ പാഴ്സലായി പാമ്പിനെ കടത്തിയത് ലഹരി ഉപയോഗത്തിനെന്ന് പ്രാഥമിക വിവരം.
കഴിഞ്ഞ ദിവസം രാവിലെ തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനുസമീപം ബസ് എത്തിയപ്പോൾ വിജിലൻസ് സംഘം തടഞ്ഞു നിർത്തി നടത്തിയ പരിശോധനയിലാണ് പാഴ്സലിനുള്ളിൽ നിന്നും വീര്യംകുറഞ്ഞവിഷമുള്ള ചെറിയപാമ്പുകളെ കണ്ടെത്തിയത്. രണ്ടു ജീവനക്കാരെ കെഎസ്ആർടിസി വിജിലൻസ് സ്ക്വാഡ് പിടികൂടുകയും ചെയ്തിരുന്നു.
വിദേശ രാജ്യങ്ങളിൽ ഏറെ പ്രിയമുള്ളതും വീടുകളിൽ വളർത്തുന്നതുമായ ചെറിയ ഇനം വിഷം കുറഞ്ഞ പാമ്പുകളെയാണ് കണ്ടെത്തിയത്. ലഹരി ഉപയോഗത്തിനായാണ് പാമ്പുകളെ കടത്തിയതെന്നാണ് പ്രാഥമിക നിഗമനം.
രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്നായിരുന്നു പരിശോധന. നാക്കിനടിയിൽ പാമ്പുകളെ കൊണ്ട് കൊത്തിച്ചു ലഹരിക്ക് പകരമായി ഉപയോഗിക്കാറുണ്ട്. പാമ്പിനെക്കൊണ്ട് നാക്കിനടിയിൽ കൊത്തിച്ച് ലഹരിനുണയുന്ന ഒരു സംഘത്തെ സമീപകാലത്ത് കൊല്ലത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ലഹരിക്കെതിരേ സംസ്ഥാനത്തുടനീളം സർക്കാർ സംവിധാനങ്ങൾ ജാഗ്രതയിലായതിനാലാണ് വിജിലൻസ് സംഘം ഉടൻ എത്തി പരിശോധന നടത്തിയത്. പക്ഷിയാണെന്ന് പറഞ്ഞാണ് പാഴ്സൽ നൽകിയതെന്ന് ബസിലെ കണ്ടക്ടറും ഡ്രൈവറും പറഞ്ഞെങ്കിലും വിജിലൻസ് അംഗീകരിച്ചില്ല. തുടർന്ന് പാഴ്സൽ പോലീസിന് കൈമാറി. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ജീവനക്കാരാണ് ബസിൽ ഡ്യൂട്ടിയിലുണ്ടായിരുന്നത്.
ഇതു സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ട് വിജിലൻസ് സംഘം കെഎസ്ആർടിസി വിജിലൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർക്ക് കൈമാറും. നിയമവിരുദ്ധമായി പാമ്പുകളെ കണ്ടെത്തിയ സാഹചര്യത്തിൽ ജീവനക്കാർക്കെതിരേ നടപടി ഉണ്ടാകും. ദീർഘദൂരസർവീസുകളിൽ ഇത്തരത്തിലുള്ള അനധികൃത പാഴ്സലുകൾ പതിവായി എത്തിക്കുന്നതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു.
തിരുവനന്തപുരത്ത് പാഴ്സൽ വാങ്ങാനെത്തിയ ആളെയും ചോദ്യം ചെയ്തശേഷം പോലീസ് വിട്ടയച്ചു. ബംഗളൂരുവിൽ ഓൺലൈനായി വാങ്ങിയ പാമ്പാണ് ഇത്. ഈ പാമ്പ് വന്യജീവികളുടെ ഷെഡ്യൂളിൽ പെട്ടതല്ലാത്തതിനാൽ നടപടി എടുക്കാനാവില്ലെന്ന് തമ്പാനൂർ എസ്എച്ച്ഒ ശ്രീകുമാർ പറഞ്ഞു. അനധികൃതമായി പാമ്പിനെ കടത്തിയതിന് ജീവനക്കാരുടെ പേരിൽ നടപടി ഉണ്ടാകും.