പുനര്‍വിഭജന നടപടികള്‍: ഹര്‍ജികള്‍ തള്ളി
Tuesday, March 25, 2025 3:11 AM IST
കൊച്ചി: തദ്ദേശസ്ഥാപനങ്ങളെ വിഭജിക്കാതെ വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിച്ചു നടത്തിയ പുനര്‍വിഭജന നടപടികള്‍ ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.
സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്നും ഇതില്‍ ഇടപെടാനാകില്ലെന്നും വിലയിരുത്തിയാണ് ജസ്റ്റീസ് എ.എ. സിയാദ് റഹ്മാന്റെ ഉത്തരവ്. കോഴിക്കോട് ഒളവണ്ണ, തിരുവനന്തപുരം കഠിനംകുളം തുടങ്ങിയ പഞ്ചായത്തുകളിലെ ചില വോട്ടര്‍മാര്‍ നല്കിയ ഹര്‍ജികളാണു പരിഗണിച്ചത്.
തദ്ദേശ സ്ഥാപനങ്ങളുടെ പുനര്‍നിര്‍ണയവും സീറ്റ് വര്‍ധനയും ജനസംഖ്യാനുപാതികമായി വേണമെന്നാണു ചട്ടമെങ്കിലും വര്‍ധിപ്പിക്കാവുന്ന പരമാവധി സീറ്റുകള്‍ നിര്‍ണയിച്ചിട്ടുള്ളതിനാല്‍ വലിയ പഞ്ചായത്തുകളില്‍ സീറ്റ് വര്‍ധനയ്ക്കു പകരം വിഭജനമാണു വേണ്ടതെന്നും ഇതിന് ഉത്തരവിടണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം.
ഇത്തരം പഞ്ചായത്തുകള്‍ വിഭജിക്കാതെ വാര്‍ഡുകളുടെ എണ്ണം കൂട്ടുന്നത് നിയമപരമല്ലെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍, പരമാവധി കുറഞ്ഞതും കൂടിയതും എന്ന മാനദണ്ഡം പാലിച്ചുകൊണ്ട് സീറ്റുകള്‍ പുനര്‍നിര്‍ണയം നടത്താന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
വാര്‍ഡ് പുനര്‍വിഭജനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുന്നത് ഭരണഘടനയുടെ അടിസ്ഥാനഘടനയെ ബാധിക്കുമെന്നോ പ്രാദേശിക ഭരണകൂടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നോ ചൂണ്ടിക്കാട്ടാന്‍ ഹര്ജിക്കാര്ക്കായിട്ടില്ലെന്നും കോടതി വ്യക്തമാക്കി.