എസ്ഡിപിഐ യുഡിഎഫ് മുന്നണിയിലെന്നു ധനമന്ത്രി; സഭയിൽ പ്രതിഷേധം
Tuesday, March 25, 2025 1:21 AM IST
തിരുവനന്തപുരം: എസ്ഡിപിഐയെ യുഡിഎഫ് മുന്നണിയിലുള്ള കക്ഷി എന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ വിശേഷിപ്പിച്ചതിനെതിരേ നിയമസഭയിൽ ബഹളം.
ഈയിടെ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ആകെയുള്ള 30 സീറ്റിൽ 17 ഇടത്ത് എൽഡിഎഫും പന്ത്രണ്ടിടത്തു യുഡിഎഫും ഒരു സീറ്റിൽ നിങ്ങളുടെ മുന്നണിയിലുള്ള എസ്ഡിപിഐയും വിജയിച്ചു എന്നു മന്ത്രി പറഞ്ഞതാണ് പ്രതിപക്ഷ പ്രതിഷേധത്തിനിടയാക്കിയത്.
ഇത്തരം പരാമർശങ്ങൾ ധനമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടാകരുതെന്നും ഇതു രേഖയിൽ നിന്നു നീക്കം ചെയ്യണമെന്നും പി.സി. വിഷ്ണുനാഥ് ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിക്കാമെന്നു സ്പീക്കർ എ.എൻ. ഷംസീർ അറിയിച്ചു.
മുന്‍പു കോണ്‍ഗ്രസ് ജയിച്ച സീറ്റിൽ ഇത്തവണ കോണ്‍ഗ്രസിനു വോട്ടില്ലെന്നു ധനമന്ത്രി ചൂണ്ടിക്കാട്ടി. അടുത്ത ദിവസം വിശദാംശങ്ങൾ സഭയിൽ കൊണ്ടുവരാമെന്നും ധനമന്ത്രി പറഞ്ഞു.
മന്ത്രി ആരോപണം തുടർന്നതോടെ പ്രതിപക്ഷാംഗങ്ങൾ എഴുന്നേറ്റു നിന്നു പ്രതിഷേധം ഉയർത്തി. ഇതോടെ ഭരണപക്ഷവും ബഹളം തുടങ്ങിയെങ്കിലും വൈകാതെ പ്രതിഷേധം അവസാനിച്ചു.