സർവകലാശാലാ ചാൻസലർസ്ഥാനത്തുനിന്ന് ഗവർണറെ ഒഴിവാക്കാനുള്ള ബിൽ രാഷ്ട്രപതി തള്ളി
Tuesday, March 25, 2025 3:11 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാർ നൽകിയ പരാതിയിൽ സുപ്രീംകോടതി കേസ് പരിഗണിക്കാനിരിക്കേ സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ ഒഴിവാക്കാൻ നിയമസഭ പാസാക്കിയ ബില്ലിന് രാഷ്ട്രപതി അനുമതി നിഷേധിച്ചു.
മുൻ ഗവർണറായിരുന്ന ആരിഫ് മുഹമ്മദ്ഖാനെ സർവകലാശാല ചാൻസലർ പദവിയിൽ നിന്ന് ഒഴിവാക്കാൻ കൊണ്ടുവന്ന 2021ലെ യൂണിവേഴ്സിറ്റി അപ്പലേറ്റ് ട്രൈബ്യൂണൽ നിയമന ഭേദഗതി ബില്ലാണ് രാഷ്ട്രപതി തിരിച്ചയച്ചത്. ഇക്കാര്യം രാഷ്ട്രപതി ഭവൻ ഗവർണറെ അറിയിച്ചു.
ഇതടക്കം നിയമസഭ പാസാക്കിയ ഏഴു ബില്ലുകൾ ഗവർണർ ഒപ്പിടാതെ രാഷ്ട്രപതിക്ക് അയച്ചിരുന്നു. ഇതിൽ ലോകായുക്ത ഭേദഗതിക്ക് മാത്രമാണ് രാഷ്ട്രപതി അനുമതി നൽകിയത്. നാല് ബില്ലുകൾക്ക് നേരത്തേ അനുമതി നിഷേധിച്ചിരുന്നു.
നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ രാഷ്ട്രപതിക്ക് അയച്ചത് ചോദ്യം ചെയ്തുള്ള സർക്കാരിന്റെ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുകയാണ്.
ഈ ബില്ലുകൾ രാഷ്ട്രപതി ഗവർണർക്ക് തിരിച്ചയയ്ക്കും. രാഷ്ട്രപതിയുടെ നടപടിയുടെ വിവരങ്ങൾ സഹിതം ഗവർണർ ബില്ലുകൾ സർക്കാരിനു കൈമാറും.
ചാൻസലർ പദവിയിൽനിന്ന് ഗവർണറെ നീക്കി പകരം അക്കാദമിക് വിദഗ്ധരെ ചാൻസലറാക്കാനുള്ള സർവകലാശാലാ നിയമഭേദഗതി ബില്ലുകൾ നിയമസഭ പാസാക്കിയിരുന്നു.