പ്രവാസികളുടെ പുനരധിവാസത്തിനായി പദ്ധതിയെന്ന് മുഖ്യമന്ത്രി
Tuesday, March 25, 2025 1:21 AM IST
തിരുവനന്തപുരം: മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി നോർക്കയുടെ ആഭിമുഖ്യത്തിൽ പ്രോജക്ട് ഫോർ റിട്ടേണ്ഡ് എമിഗ്രന്റ്സ് (എൻഡിപ്രേം) പുനരധിവാസ പദ്ധതി നടപ്പാക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
പദ്ധതി പ്രകാരം 30 ലക്ഷം വരെയുള്ള സംരംഭക പദ്ധതികൾക്കു 15 ശതമാനം മൂലധന സബ്സിഡി നൽകുന്നുണ്ട്. പരമാവധി മൂന്നു ലക്ഷം വരെ നാലു ശതമാനം പലിശ സബ്സിഡിയിലാണു പദ്ധതി നടപ്പാക്കുന്നത്. 19 ബാങ്കിംഗ് ധനകാര്യ സ്ഥാപനങ്ങളുടെ 7000 കേന്ദ്രങ്ങളിൽ സേവനം ലഭിക്കും.
2016 ഏപ്രിൽ മുതൽ 2021 വരെ 6151 സംരംഭങ്ങളും 2021 ഏപ്രിൽ മുതൽ 2025 മാർച്ച് 10 വരെ 4375 അധികം പ്രവാസി സംരംഭങ്ങളും ആകെ 10,526 സംരംഭങ്ങൾ എൻഡിപ്രേം പദ്ധതി വഴി ആരംഭിച്ചു. ഇതിലൂടെ മൂലധന സബ്സിഡി ഇനത്തിൽ 90.35 കോടിയും പലിശ സബ്സിഡി ഇനത്തിൽ 16.06 കോടിയും ആകെ 106.38 കോടി രൂപ സബ്സിഡി നൽകി.
വിദേശ തൊഴിൽ തട്ടിപ്പു തടയുന്നതിന് ഒട്ടേറെ വിദേശ രാജ്യങ്ങളുമായി സർക്കാർ നിരന്തരം ബന്ധപ്പെടുന്നുണ്ട്. പ്രവാസി ക്ഷേമനിധിയിലുൾപ്പെട്ട ഗുരുതരമായ രോഗം ബാധിച്ച അംഗത്തിന് അംഗത്വ കാലയളവിൽ 50,000 രൂപ എന്ന പരിധി വച്ച് ചികിത്സാ ധനസഹായം അനുവദിക്കുന്നുണ്ട്.
വിദേശത്തു വീട്ടുജോലിക്കു പോകുന്നവർ തട്ടിപ്പിന് ഇരയാകുന്നുണ്ടെന്ന്
വിദേശത്തു വീട്ടുജോലിക്കു പോകുന്നവർ തട്ടിപ്പിന് ഇരയാകുന്നതു ഗൗരവമായാണു സർക്കാർ കാണുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി ബോധവത്കരണ പരിപാടികൾ സർക്കാർ നടപ്പാക്കുന്നുണ്ട്.
എന്നാൽ ഇതിന് ഏറ്റവും നല്ല പരിഹാരം വിദേശത്തു ജോലിക്കു ചെല്ലുന്നവർക്ക് എംബസി മുഖേന സൗകര്യമൊരുക്കുകയെന്നതാണ്. എവിടെയാണോ തൊഴിൽ ചെയ്യേണ്ടത് ആ തൊഴിലുടമ എംബസിയുമായി ബന്ധപ്പെട്ടു തൊഴിലാളിയെ സ്വീകരിക്കുന്ന സ്ഥിതിയുണ്ടാവണം. തന്മൂലം മറ്റു തട്ടിപ്പുകളിൽ പെടുകയോ ആനുകൂല്യങ്ങൾ ലഭിക്കാതെയോ വരുന്ന പ്രയാസങ്ങൾ ഒഴിവാക്കാനാവും.