കുറുക്കന്റെ കടിയേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
Tuesday, March 25, 2025 3:11 AM IST
പെരിന്തൽമണ്ണ: കുറുക്കന്റെ കടിയേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പെരിന്തൽമണ്ണയ്ക്കടുത്ത് തിരൂർക്കാട് ഇല്ലത്ത്പറന്പ് പുഴക്കൽ വേലുവിന്റെ മകൾ കാളി(65) ആണ് ഇന്നലെ രാവിലെ മരിച്ചത്. ഈ മാസം എട്ടിനു രാവിലെ തിരൂർക്കാട് ശിവക്ഷേത്രത്തിനു സമീപം വയലിൽവച്ചാണു കുറുക്കൻ കടിച്ചു പരിക്കേൽപ്പിച്ചത്.
തിരൂർക്കാട് പുഴക്കൽ വാസുവിന്റെ ഭാര്യ ദേവകി (65) യെയും കുറുക്കൻ കടിച്ചിരുന്നു. ഇരുവരും അങ്ങാടിപ്പുറം പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളാണ്. കാളിയുടെ മുഖത്തും കണ്ണിനും സാരമായി പരിക്കേറ്റിരുന്നു. ഇവർക്കു പുറമേ അരിപ്ര കിണറ്റിങ്ങതൊടി മജീദിനും(58) കുറുക്കന്റെ കടിയേറ്റിരുന്നു.
ഗുരുതര പരിക്കേറ്റ കാളി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരാഴ്ച ചികിത്സയിലായിരുന്നു. തുടർന്ന് വീട്ടിൽ തുടർചികിത്സയിൽ കഴിയവേയാണു മരണം. പേവിഷബാധയാണു മരണകാരണമെന്നു സംശയിക്കുന്നു.
പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഷൊർണൂർ ശാന്തിതീരം ശ്മശാനത്തിൽ സംസ്കരിച്ചു.