അന്നു ഗൗരിയമ്മ, ഇന്നു കെ.കെ. രമ
Wednesday, March 26, 2025 2:25 AM IST
തിരുവനന്തപുരം: സ്വകാര്യ സർവകലാശാലാ വിഷയത്തിൽ യുഡിഎഫ് നിലപാടിനെതിരേ കെ.കെ. രമ വോട്ട് ചെയ്തതിനു സമാനമായി 29 വർഷം മുന്പു കെ.ആർ. ഗൗരിയമ്മയും വേറിട്ട നിലപാടെടുത്തു.
ബില്ലിനെ പൊതുവെ യുഡിഎഫ് അനുകൂലിച്ചപ്പോൾ കെ.കെ. രമ സഭയ്ക്കുള്ളിൽ അതിശക്തമായി എതിർക്കുകയും എതിർത്തു വോട്ട് ചെയ്യുകയുമായിരുന്നു. രമ മാത്രമാണു ബില്ലിനെ എതിർത്തത്.
ആദിവാസി ഭൂമി പ്രശ്നം രൂക്ഷമായ കാലയളവിൽ 1996ൽ ഇ.കെ. നായനാർ സർക്കാരിന്റെ കാലത്തു കൊണ്ടുവന്ന കേരള സംസ്ഥാന പട്ടികവർഗക്കാർ ഭൂമി കൈമാറ്റ നിയന്ത്രണവും അന്യാധീനപ്പെട്ട ഭൂമി തിരിച്ചു കൊടുക്കലും ഭേദഗതി ബില്ലിലായിരുന്നു യുഡിഎഫ് നിലപാടിനു വിരുദ്ധമായി കെ.ആർ. ഗൗരിയമ്മ ബില്ലിനെതിരേ വോട്ട് ചെയ്തത്.
സിപിഎം വിട്ട് ജെഎസ്എസ് രൂപീകരിച്ചു യുഡിഎഫിനൊപ്പം നിൽക്കുന്ന കാലത്തായിരുന്നു ഗൗരിയമ്മ യുഡിഎഫ് നിലപാടിനു വിരുദ്ധമായ സമീപനം സ്വീകരിച്ചത്.
അന്നു നിയമസഭ പാസാക്കിയ ബിൽ രാഷ്ട്രപതി തിരിച്ചയച്ചതിനെത്തുടർന്ന് 1999ൽ കേരള പട്ടികവർഗ ഭൂമി കൈമാറ്റ നിയന്ത്രണവും പുനരവകാശ സ്ഥാപനവും ആക്ട് നിയമസഭ പാസാക്കി.