വിമാനത്താവള ഉദ്യോഗസ്ഥ റെയില്‍പാളത്തില്‍ മരിച്ച നിലയില്‍
Tuesday, March 25, 2025 3:11 AM IST
തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥയെ റെയില്‍പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
പത്തനംതിട്ട അതിരുങ്കല്‍ കാരയ്ക്കാക്കുഴി പൂഴിക്കാട് വീട്ടില്‍ റിട്ടയേര്‍ഡ് ഗവ.ഐടിഐ പ്രിന്‍സിപ്പല്‍ മധുസൂദനന്റെയും പാലക്കാട് കളക്ടറേറ്റ് ജീവനക്കാരി നിഷയുടെയും മകള്‍ മേഘ (25)യാണ് മരിച്ചത്. പേട്ടയ്ക്കും ചാക്കയ്ക്കും ഇടയിലെ റെയില്‍ പാളത്തില്‍ ഇന്നലെ രാവിലെ 9.15ഓടെയാണ് മേഘയുടെ മൃതദേഹം കണ്ടെത്തിയത്. ട്രെയിന്‍ തട്ടി മരിച്ച നിലയിലായിരുന്നു.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പേട്ട പോലീസ് സ്ഥലത്ത് എത്തി നടത്തിയ പരിശോധയില്‍ മൃതദേഹത്തിനു സമീപത്തുനിന്നും ബ്യുറോ ഓഫ് സിവില്‍ ഏവിയേഷന്റെ ഐഡികാര്‍ഡ് കണ്ടത്തിയതിനെ തുടര്‍ന്നാണ് ആളെ തിരിച്ചറിഞ്ഞത്. ബന്ധുക്കളെ വിവരം അറിയിച്ചശേഷം മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
ഒരു വര്‍ഷം മുമ്പാണ് എമിഗ്രേഷന്‍ വിഭാഗത്തില്‍ മേഘ ജോലിയില്‍ പ്രവേശിച്ചത്. ഇന്നലെ രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വിമാനത്താവളത്തില്‍ നിന്നിറങ്ങിയതായിരുന്നു മേഘ.
സംഭവത്തെക്കുറിച്ച് പേട്ട പോലീസ് അന്വേഷണം തുടങ്ങി.
ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് ഇന്‍ക്വസ്റ്റ് നടത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.