ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റു
Tuesday, March 25, 2025 3:11 AM IST
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റു. ഇന്നലെ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കേരളത്തിന്റെ സംഘടനാ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രഹ്ളാദ് ജോഷി, രാജീവ് ചന്ദ്രശേഖറെ പാർട്ടിയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി പ്രഖ്യാപിച്ചു.
പാർട്ടി ഐകകണ്ഠ്യേനയാണു രാജീവ് ചന്ദ്രശേഖറെ അധ്യക്ഷനായി തെരഞ്ഞെടുത്തതെന്നു പ്രഹ്ളാദ് ജോഷി പറഞ്ഞു. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മിനിറ്റ്സ് ബുക്കും പാർട്ടി പതാകയും പുതിയ അധ്യക്ഷനു കൈമാറി. ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മുതിർന്ന നേതാക്കളായ ഒ. രാജഗോപാൽ, കുമ്മനം രാജശേഖരൻ എന്നിവരും പങ്കെടുത്തു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കു കേരളത്തിൽ അധികാരത്തിലെത്താനാകുമെന്ന് പ്രഹ്ളാദ് ജോഷി പ റഞ്ഞു. ബിജെപിയുടെ വോട്ടു വിഹിതം 20 ശതമാനത്തിലേക്ക് എത്തിച്ച കെ. സുരേന്ദ്രനെ പ്രഹ്ളാദ് ജോഷി യോഗത്തിൽ അഭിനന്ദിച്ചു. പാർട്ടി ഏൽപ്പിച്ച പുതിയ ഉത്തരവാദിത്വം അഭിമാനം നൽകുന്നതാണെന്നു രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
കേരളത്തിൽ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ഭരണം അവസാനിപ്പിക്കുകയാണു പ്രധാന ലക്ഷ്യം. എൻഡിഎ സർക്കാരിനെ അധികാരത്തിലെത്തിക്കുകയാണ് തന്റെ ദൗത്യം. അതു പൂർത്തീകരിച്ചേ താൻ മടങ്ങിപ്പോകൂവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തുനിന്നുള്ള ബിജെപി ദേശീയ കൗണ്‍സിൽ അംഗങ്ങളെ പ്രഖ്യാപിച്ചു. 30 അംഗങ്ങളിൽ പത്മജ വേണുഗോപാലും പി.സി.ജോർജും അംഗങ്ങളാണ്.