റേഷൻകടകളൊന്നും പൂട്ടില്ല: മന്ത്രി
Wednesday, March 26, 2025 2:25 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻകടകളൊന്നും അടച്ചുപൂട്ടില്ലെന്നും ഇതു സംബന്ധിച്ചുളള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ.
വ്യാപാരി സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുവിതരണരംഗം ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോവുക എന്നതാണ് സർക്കാർ നയം.
റേഷൻ വ്യാപാരികൾ നേരിടുന്ന സാമ്പത്തികവും നിയമപരവും തൊഴിൽപരവുമായ വിവിധ പ്രശ്നങ്ങൾ പഠിച്ച് പരിഹാരങ്ങൾ നിർദേശിക്കുന്നതിനുവേണ്ടി വകുപ്പുതലത്തിൽ രൂപീകരിച്ച സമിതിയുടെ റിപ്പോർട്ടിന്മേലുള്ള പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണറുടെ ശിപാർശകൾ ചർച്ച ചെയ്യുന്നതിനുവേണ്ടിയാണ് യോഗം കൂടിയത്.
കെ-സ്റ്റോർ പദ്ധതിയിൽ പരമാവധി റേഷൻകടകളെ ഉൾപ്പെടുത്താനും ഇവ വഴി സർക്കാർ-അർധ സർക്കാർ-പൊതുമേഖലാ-സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽനിന്നുമുള്ള കൂടുതൽ ഉത്പന്നങ്ങൾ വിൽക്കുന്നതിനുമുള്ള അനുമതി നൽകുന്നത് പരിഗണിക്കാനും യോഗം തീരുമാനിച്ചു.
റേഷൻ വ്യാപാരി ക്ഷേമനിധി ശക്തിപ്പെടുത്തും. റേഷൻ വ്യാപാരികൾ, സെയിൽസ്മാൻമാർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്കായി സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കുന്ന കാര്യം പരിഗണിക്കാനും യോഗത്തിൽ തീരുമാനമായി.