വാളയാര്‍ പെണ്‍കുട്ടികളുടെ മരണം: കുറ്റപത്രം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിശദീകരണം തേടി
Tuesday, March 25, 2025 3:11 AM IST
കൊച്ചി: വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ കേസില്‍ മാതാപിതാക്കളെ പ്രതികളാക്കി സിബിഐ സമര്‍പ്പിച്ച കുറ്റപത്രങ്ങള്‍ റദ്ദ് ചെയ്യണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഹൈക്കോടതി സിബിഐയടക്കം എതിര്‍കക്ഷികളുടെ വിശദീകരണം തേടി.
പുനരന്വേഷണം ആവശ്യപ്പെട്ട് കുട്ടികളുടെ മാതാപിതാക്കള്‍ നല്കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണു ജസ്റ്റീസ് സി. ജയചന്ദ്രന് വിശദീകരണം തേടിയത്.
അന്വേഷണസംഘത്തിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ച മൂലം ശരിയായി വിചാരണ നടക്കാതെ പ്രതികളെല്ലാം കുറ്റവിമുക്തരാക്കപ്പെട്ട കേസാണിതെന്ന് ഹര്‍ജിയില്‍ പറയുന്നു. പിന്നീട് കോടതി മുഖേന സിബിഐ പുനരന്വേഷണം നടത്തിയെങ്കിലും ശരിയായ അന്വേഷണം നടത്താതെയാണു കുറ്റപത്രങ്ങള്‍ നല്‍കിയിരിക്കുന്നത്. ഈ കുറ്റപത്രങ്ങള്‍ റദ്ദാക്കണം. കുട്ടികള്‍ ആത്മഹത്യ ചെയ്തതല്ലെന്നും കൊലപാതകമാണെന്നുമാണ് ഹര്‍ജിയിലെ വാദം. കൊലപാതകമാണെന്നു കണ്ടെത്താന്‍ മതിയായ തെളിവുകളുണ്ടായിട്ടും സിബിഐ അതു വേണ്ട വിധം പരിഗണിച്ചില്ല.
കുട്ടികള്‍ കൊല്ലപ്പെട്ടതാണെന്ന് തെളിയിക്കുന്ന സെലോഫിന്‍ ടെസ്റ്റിന്റെ ഫലം, ഷെഡിലെ ഉത്തരത്തിന്റെ ഉയരവും കുട്ടികളുടെ ഉയരവും തമ്മിലുള്ള പൊരുത്തക്കേടുകള്‍, കൊലപാതകസാധ്യത അന്വേഷിക്കണമെന്ന ഫോറന്‍സിക് സര്‍ജന്റെ മൊഴി, മൂത്ത കുട്ടി കൊല്ലപ്പെട്ട സമയത്ത് രണ്ടുപേര്‍ മുഖം മറച്ച് പോകുന്നതു കണ്ടു എന്ന ഇളയ കുട്ടിയുടെ മൊഴി തുടങ്ങിയവയടക്കം ചൂണ്ടിക്കാട്ടിയാണ് മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്.