ആറളം ഫാമിലെ വന്യജീവി ആക്രമണം: സത്യവാങ്മൂലം ഹൈക്കോടതി തള്ളി
Tuesday, March 25, 2025 3:11 AM IST
കൊച്ചി: കണ്ണൂര്‍ ആറളം ഫാമിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം ഹൈക്കോടതി തള്ളി.
സത്യവാങ്മൂലത്തില്‍ വന്യജീവി ആക്രമണം തടയാന്‍ സ്വീകരിച്ച നടപടിയില്ലെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജി വീണ്ടും പരിഗണിക്കുന്ന ഏപ്രില്‍ ഏഴിനകം കര്‍മപദ്ധതികള്‍ വ്യക്തമാക്കുന്ന അധിക സത്യവാങ്മൂലം നല്‍കണമെന്നും വനംവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയോടു ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് എസ്. മനു എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
ആറളത്ത് ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ ജാഗ്രതാ സമിതി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കളക്ടറുടെ നേതൃത്വത്തിലുള്ള സമിതി ഇതു വിലയിരുത്തുന്നുണ്ടെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചത്. 2014 മുതല്‍ 14 പേര് വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്നും സര്‍ക്കാര്‍ അറിയിച്ചു.
എന്നാല്‍, ആറളം മേഖലയില്‍ ഉന്നത ഉദ്യോഗസ്ഥന് മേല്‍നോട്ടം നല്കുന്ന ആക്ഷന്‍ പ്ലാന്‍ വേണമെന്നാണു നിര്‍ദേശിച്ചിരുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. വന്യജീവിസാന്നിധ്യവും ജനങ്ങളുടെ പ്രതികരണങ്ങളും അറിയിക്കാനുള്ള ഫീഡ് ബാക്ക് സംവിധാനം ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശിച്ചിരുന്നു. ഇത്തരം വിശദാംശങ്ങളൊന്നും സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിലില്ലെന്ന് ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി.