സ്വകാര്യ സർവകലാശാലാ ബിൽ പാസായി
Wednesday, March 26, 2025 2:44 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ ആരംഭിക്കുന്നതിന് അനുമതി നൽകുന്ന സ്വകാര്യ സർവകലാശാല ബിൽ നിയമസഭ പാസാക്കി. പ്രതിപക്ഷം ബില്ലിനെ പിന്താങ്ങി. പ്രതിപക്ഷത്തെ കെ.കെ. രമ എതിർത്തു വോട്ട് ചെയ്തു.
വിശദമായ ചർച്ചകളും പഠനങ്ങളും നടത്തിയാണ് ബിൽ തയാറാക്കിയതെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു പറഞ്ഞു. ആരോഗ്യകരമായ മത്സരത്തിന് പൊതു സർവകലാശാലകളെ പ്രാപ്തമാക്കിയതിനു ശേഷമാണ് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്നത്. കേരളത്തെ വിജ്ഞാന സമൂഹമാക്കുക എന്നതാണു ലക്ഷ്യം. അതിനു സ്വകാര്യ സർവകലാശാലകൾ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
ഒരു കമ്മീഷനെ വച്ചു വിശദമായി പഠിച്ചതിനു ശേഷം മാത്രമേ സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകാവൂ എന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പൊതുസർവകലാശാലകളിലും അഫിലിയേറ്റഡ് കോളജുകളിലും ഇപ്പോൾ വിദ്യാർഥികളില്ലാത്ത സ്ഥിതിയുണ്ട്.
സ്വകാര്യ സർവകലാശാലകൾ വരുന്നതോടെ ഈ കോളജുകൾ കൂടുതൽ പ്രതിസന്ധിയിലാകും. സംസ്ഥാനത്ത് വിദ്യാഭ്യാസരംഗത്ത് പതിറ്റാണ്ടുകളായി പ്രവർത്തിച്ച് വിശ്വാസ്യത തെളിയിച്ച കോർപറേറ്റ് മാനേജ്മെന്റുകൾക്ക് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്പോൾ മുൻഗണന നൽകണമെന്നും സതീശൻ ആവശ്യപ്പെട്ടു.
സ്വകാര്യ സർവകലാശാലകൾ തുടങ്ങുന്നതിന് 25 കോടി രൂപ വേണമെന്നും പത്ത് ഏക്കർ ഭൂമി ആവശ്യമാണെന്നുമുള്ള വ്യവസ്ഥ പ്രായോഗികമല്ലെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
പത്തു വർഷം മുന്പു തങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുകയും അന്നത്തെ പ്രതിപക്ഷം എതിർക്കുകയും ചെയ്ത നിയമമാണിതെന്നു പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുക എന്നതാണു പ്രധാനമെന്നു മോൻസ് ജോസഫ് ചൂണ്ടിക്കാട്ടി. പിന്നീട് ബിൽ ശബ്ദവോട്ടോടെ പാസാക്കി.
ബിൽ പിൻവലിക്കണം: കെ.കെ. രമ
തിരുവനന്തപുരം: സ്വകാര്യ സർവകലാശാല ബില്ലിനെ നിയമസഭയിൽ ശക്തമായി എതിർത്ത് കെ.കെ. രമ. ബിൽ പൂർണമായി പിൻവലിക്കണം. മുന്പു യുഡിഎഫ് സർക്കാർ കൊണ്ടു വന്ന നിയമം തന്നെയാണിത്. പണമുള്ളവൻ പഠിക്കുക എന്ന നയത്തിലേക്ക് ഇടതുപക്ഷം മാറുകയാണെന്നും രമ കുറ്റപ്പെടുത്തി.