ബിഷപ്പിനെതിരായ കേസ്; പ്രതിഷേധം ശക്തമാകുന്നു
Tuesday, March 25, 2025 1:21 AM IST
കോതമംഗലം : ആലുവ-മൂന്നാർ രാജപാത പൊതുജനങ്ങൾക്ക് തുറന്നുനൽകണമെന്ന് ആവശ്യപ്പെട്ടു നടത്തിയ ജനകീയസമരത്തിൽ പങ്കെടുത്ത കോതമംഗലം രൂപത മുൻ ബിഷപ് മാർ ജോർജ് പുന്നക്കോട്ടിലിനെതിരേ കേസെടുത്ത വനം വകുപ്പ് നടപടിക്കെതിരേ വ്യാപക പ്രതിഷേധം.
ബിഷപ്പിനും ജനപ്രതിനിധികൾക്കുമെതിരേ കേസെടുത്ത സർക്കാരിനെതിരേ തുടർസമരങ്ങൾ നടത്താൻ യുഡിഎഫ് കീരംപാറ മണ്ഡലം യോഗം തീരുമാനിച്ചു.
പഴയ ആലുവ - മൂന്നാർ റോഡ് (രാജപാത) തുറന്നുകൊടുക്കണമെന്നും ബിഷപ്പിനും ജനപ്രതിനിധികൾക്കുമെതിരേയുള്ള കേസുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കോതമംഗലം ഡിഎഫ്ഒ ഓഫീസിലേക്ക് കോൺഗ്രസ് ഇന്ന് മാർച്ച് നടത്തും. രാവിലെ പത്തിന് ചെറിയപള്ളിത്താഴത്തുനിന്നാണ് മാർച്ച് ആരംഭിക്കുക.
അപലപനീയം: ഷിബു തെക്കുംപുറം
ബിഷപ് മാർ ജോർജ് പുന്നക്കോട്ടിലിനെതിരേ അന്യായമായി കേസെടുത്ത വനംവകുപ്പ് നടപടി അപലപനീയമെന്ന് യുഡിഎഫ് എറണാകുളം ജില്ലാ കൺവീനർ ഷിബു തെക്കുംപുറം. രാജപാത തുറന്നുനൽകണമെന്ന് കുട്ടമ്പുഴ, മാങ്കുളം നിവാസികൾ കാലങ്ങളായി ആവശ്യപ്പെടുന്നതാണ്.
45 വർഷങ്ങൾക്കു മുന്പുതന്നെ കോതമംഗലത്തുനിന്നു ഇടുക്കിയിലേക്ക് മാർ പുന്നക്കോട്ടിൽ രാജപാതയിലൂടെ സഞ്ചരിച്ചിട്ടുണ്ട്. ബിഷപ്പിനെതിരേ കേസെടുത്ത നടപടി പിൻവലിച്ച് വനംവകുപ്പ് സമൂഹത്തോട് മാപ്പ് പറയുകയാണു വേണ്ടത്. അല്ലാത്തപക്ഷം ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാകും.
രാജപാത തുറന്നുകൊടുക്കുന്നതിലൂടെ നാടിന്റെ ടൂറിസം വികസനം യാഥാർഥ്യമാകും. രാജപാത യാത്രയ്ക്കായി തുറന്നു ലഭിക്കും വരെ സമൂഹത്തിലെ വ്യത്യസ്ത മേഖലകളിലുള്ള ജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭത്തിനു നേതൃത്വം നൽകുമെന്നും ഷിബു തെക്കുംപുറം പറഞ്ഞു.