സാമൂഹ്യ സുരക്ഷാ പെൻഷൻ: കേന്ദ്രവിഹിതത്തിന് കാലതാമസം
Tuesday, March 25, 2025 1:21 AM IST
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെൻഷനുകളിലെ വിഹിതം അനുവദിക്കുന്നതിൽ കേന്ദ്ര സർക്കാർ കാലതാമസം വരുത്തുന്നതായി മന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു.
200 രൂപ മുതൽ 500 രൂപ വരെയാണ് വിവിധ പെൻഷനുകളിലെ കേന്ദ്രവിഹിതം. വാർധക്യ, വിധവ, വികലാംഗ പെൻഷനുകളിൽ 8,46,456 പേർക്ക് മാത്രമാണ് കേന്ദ്രമാനദണ്ഡപ്രകാരം പെൻഷന് അർഹതയുള്ളത്.
എന്നാൽ സംസ്ഥാനത്ത് 49,84,258 പേർക്ക് സാമൂഹികസുരക്ഷാ പെൻഷൻ നൽകുന്നു. 2022 ഡിസംബർ വരെ കേന്ദ്രവിഹിതം ഉൾപ്പെടെ മുഴുവൻ തുകയും സംസ്ഥാനം നൽകുകയും കേന്ദ്രം പിന്നീടു വിഹിതം തിരികെ നൽകുകയുമായിരുന്നു.
കേന്ദ്ര വിഹിതത്തിൽ 600 കോടി കുടിശികയായിരുന്നു. സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് മുൻകൂറായി നൽകിയ കേന്ദ്ര വിഹിതമായ 200 - 500 രൂപ പ്രത്യേകമായി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതിൽ കേന്ദ്രം കാലതാമസം വരുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.