കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ലിഫ്റ്റിൽ യാത്രക്കാർ കുടുങ്ങി
Tuesday, March 25, 2025 1:21 AM IST
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ലിഫ്റ്റിൽ സ്തീകളും കുട്ടിയും ഉൾപ്പെടെയുള്ള യാത്രക്കാർ ഒരു മണിക്കൂറോളം കുടുങ്ങി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം.
കാസർഗോഡുനിന്നു തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് ട്രെയിനിൽ എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കു ടിക്കറ്റെടുത്തവരാണ് ലിഫ്റ്റിൽ കുടുങ്ങിയത്. ഇതേത്തുടർന്ന് വന്ദേഭാരതിൽ ഇവർക്ക് സഞ്ചരിക്കാനായില്ല.
ഇവർ ലിഫ്റ്റിൽ കുടുങ്ങിയ വിവരം പുറത്തറിയാൻ വൈകിയത് രക്ഷാപ്രവർത്തനത്തെയും ബാധിച്ചു. ലിഫ്റ്റിൽ കുടുങ്ങിയവർതന്നെയാണ് ഇക്കാര്യം കണ്ണൂർ അഗ്നിരക്ഷാ നിലയത്തിൽ വിളിച്ചറിയിച്ചത്.
അഗ്നിരക്ഷാ സേനയെത്തിയപ്പോഴാണ് റെയിൽവേ അധികൃതരും ലിഫ്റ്റ് തകരാറിലായത് അറിയുന്നത്. അഗ്നിരക്ഷാ സേനാംഗങ്ങളും റെയിൽവേ ജീവനക്കാരും തകരാറ് പരിഹരിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിനിടെ 3.30 ഓടെ വന്ദേഭാരത് കണ്ണൂരിലെത്തി.
ലിഫ്റ്റിൽ കുടുങ്ങിയവരെ ഉടൻ പുറത്തിറക്കാനാകുമെന്ന പ്രതീക്ഷയിൽ വന്ദേഭാരത് പത്തു മിനിറ്റ് ഇവർക്കായി നിർത്തിയിടുകയും ചെയ്തു.
എന്നാൽ പുറത്തിറക്കൽ വൈകിയതോടെ ട്രെയിൻ യാത്ര തുടർന്നു. സാങ്കേതിക വിദഗ്ധരെത്തി ഒരുമണിക്കൂറോളം പ്രയത്നിച്ചാണ് യാത്രക്കാരെ പുറത്തിറക്കിയത്. ഇവർക്ക് യാത്ര ചെയ്യാൻ അടുത്ത ട്രെയിനിൽ അധികൃതർ സൗകര്യമൊരുക്കിക്കൊടുത്തു.