ആശ സമരത്തിന് ഐക്യദാർഢ്യം, കൂട്ട ഉപവാസം
Tuesday, March 25, 2025 1:21 AM IST
തിരുവനന്തപുരം: ഒരു മാസത്തിലേറെയായി സെക്രട്ടേറിയറ്റ് പടിക്കൽ ആശാ വർക്കർമാർ നടത്തുന്ന നിരാഹാര സമരം അഞ്ചാംദിവസത്തിലേക്ക് കടന്ന ഇന്നലെ നിരാഹാര സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് സമരവേദിയിൽ കൂട്ട ഉപവാസം നടത്തി.
സാമൂഹ്യ പ്രവർത്തക ഡോ.പി. ഗീത ഓൺലൈനിൽ ഉദ്ഘാടനം ചെയ്ത് ഉപവാസ സമരത്തിൽ പങ്കാളിയായി. സെക്രട്ടേറിയറ്റ് പടിക്കലെ സമരവേദിയിൽ ആശാ വർക്കർമാരും പൊതുപ്രവർത്തകരും ഉപവാസ സമരത്തിൽ പങ്കാളികളായപ്പോൾ പിന്തുണയുമായി നേതാക്കളും വിവിധ സംഘടനകളും വ്യക്തികളുമെത്തി.
ഓൺലൈനിൽ കൂട്ട ഉപവാസ സമരം ഉദ്ഘാടനം നിർവഹിച്ച സാമൂഹ്യ പ്രവർത്തക ഡോ.പി. ഗീത ആശ സമരത്തെ ചരിത്രപരമായ സമരം എന്ന് വിശേഷിപ്പിച്ചു. സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ അതിരൂക്ഷ വിമർശനമാണ് ഉദ്ഘാടന പ്രസംഗത്തിൽ അവർ ഉയർത്തിയത്. അടിസ്ഥാന വർഗ തൊഴിലാളികളുടെ സമരത്തെ കണ്ടില്ലെന്ന് നടിക്കുന്ന ഫാസിസ്റ്റ് മനോഭാവമാണ് ഭരണാധികാരികൾക്ക്.
കോവിഡ് കാലത്ത് വിജയകരമായ നടപടികളെപ്പറ്റി വനിതാ മന്ത്രിയെ മാറ്റിനിർത്തി പത്രസമ്മേളനം നടത്തിയ മുഖ്യമന്ത്രി സമരത്തിനു മുന്നിൽ പരാജയം നേരിടുന്ന ഘട്ടത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ സ്ത്രീയായ മന്ത്രിയെ എറിഞ്ഞു കൊടുക്കുന്ന പുരുഷ മേധാവിത്വ സമീപനമാണ് പുലർത്തുന്നത് എന്ന് അവർ പറഞ്ഞു.