വിമാന ടിക്കറ്റുകൾക്കൊപ്പം യാത്രക്കാരുടെ അവകാശങ്ങളും അറിയിക്കാൻ നിർദേശം
Tuesday, March 25, 2025 1:21 AM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: വിമാന ടിക്കറ്റുകൾക്കൊപ്പം യാത്രക്കാർക്ക് അവരുടെ അവകാശങ്ങൾ സംബന്ധിച്ച വിവരങ്ങളും നൽകണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഇന്ത്യൻ വിമാന കമ്പനികൾക്ക് നിർദേശം നൽകി.
വിമാന യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്ത് വൻ കുതിപ്പാണ് ഉണ്ടായിട്ടുള്ളത്. ആദ്യമായി യാത്ര ചെയ്യുന്നവരുടെ എണ്ണത്തിലും ഗണ്യമായി വർധനയുണ്ടായി. എന്നിട്ടും യാത്രക്കാർക്ക് അവരുടെ അവകാശങ്ങൾ സംബന്ധിച്ച് കാര്യമായ അറിവ് വിമാനക്കമ്പനികൾ നൽകുന്നില്ല എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഡിജിസിഎ നിർദേശം.
സർവീസിലെ പോരായ്മ, വിമാനങ്ങളുടെ വൈകൽ ( വിമാന ക്കമ്പനികളുടെ നിയന്ത്രണത്തിന് അതീതമായ ഘടകങ്ങൾ കാരണം), റദ്ദാക്കലുകൾ, ബോർഡിംഗ് നിഷേധിക്കൽ, ബാഗേജ് പ്രശ്നങ്ങൾ എന്നിവ ഉണ്ടായാൽ ലഭിക്കുന്ന അവകാശങ്ങൾ സംബന്ധിച്ച് യാത്രക്കാരെ നിർബന്ധമായും ബോധവാന്മാരാക്കണമെന്ന് നിർദേശത്തിൽ പറയുന്നു.
ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞാൽ വ്യോമയാന മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ലഭ്യമായ പാസഞ്ചർ ചാർട്ടറിന്റെ ഓൺലൈൻ ലിങ്ക് എല്ലാ വിമാനക്കമ്പനികളും യാത്രക്കാരന് എസ്എംഎസ് അല്ലെങ്കിൽ വാട്സ് ആപ്പ് സന്ദേശമായി അയയ്ക്കണം. എയർലൈൻ ടിക്കറ്റുകളിലും എയർലൈൻസ് വെബ്സൈറ്റിലും ഇത് കർശനമായി ഉൾപ്പെടുത്തുകയും വേണം.
വിമാന സർവീസുകൾക്ക് കാലതാമസം ഉണ്ടായാൽ അവകാശങ്ങളെക്കുറിച്ചും പരാതിപരിഹാര സംവിധാനങ്ങളെക്കുറിച്ചും യാത്രക്കാരുമായി ശരിയായി ആശയ വിനിമയം നടത്തണം. ഇതിനായി എയർലൈനുകൾ അവരുടെ സംവിധാനങ്ങൾ അടിയന്തരമായി അപ്ഡേറ്റ് ചെയ്യണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
ഉദാഹരണത്തിന് യാത്രക്കാർ ഓൺലൈനിൽ ടിക്കറ്റ് ബുക്കിംഗ് പ്രക്രിയ പൂർത്തിയാക്കുമ്പോൾ ‘നോട്ട്സ് ’ എന്ന പേരിൽ വലതു വശത്തെ പാനലിൽ ഉള്ള ‘ഇവിടെ ക്ലിക്ക് ചെയ്യുക’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം.
തുടർന്ന് പാസഞ്ചർ ചാർട്ടർ പേജിൽ കയറാൻ സാധിക്കും. അവിടെ യാത്രക്കാർക്ക് ഡിജിസിഎയുടെ പിഡിഎഫ് ഫയൽ ആക്സസ് ചെയ്യാൻ സാധിക്കും. പ്രസ്തുത ഫയലിൽ യാത്രക്കാരുടെ അവകാശങ്ങൾ സംബന്ധിച്ച എല്ലാ വിവരങ്ങളും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
ഇത് എല്ലാ വിമാനക്കമ്പനികളും പിന്തുടരണം എന്നാണ് ഡിജിസിഎ നിർദേശിച്ചിട്ടുള്ളത്. ഇൻഡിഗോ എയർ ലൈൻസിൽ ഈ സംവിധാനം ഇന്നു മുതൽ നിലവിൽ വരുമെന്ന് അറിയിച്ചിട്ടുണ്ട്. മറ്റ് എയർലൈൻസുകളും ഉടൻ ഈ സംവിധാനത്തിലേക്ക് മാറും.