മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറിയുടെ പിഎച്ച്ഡി: കേന്ദ്ര വിവരാവകാശ ഓഫീസർക്കെതിരേ നടപടി
Tuesday, March 25, 2025 1:21 AM IST
കണ്ണൂർ: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രതീഷ് കാളിയാടൻ ആസാം സർവകലാശാലയിൽനിന്നും പിഎച്ച്ഡി നേടിയത് കോപ്പിയടിച്ചാണെന്ന പരാതിയിൽ എന്ത് നടപടിയെടുത്തുവെന്ന വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്കു സമയബന്ധിതമായി മറുപപടി നൽകാത്തതിനു കേന്ദ്ര വിവരാവകാശ ഓഫീസർ സൗഗാദ കുമാർനാഥിനെതിരേ നടപടിയെടുത്ത് കേന്ദ്ര വിവവരാവകാശ കമ്മീഷൻ.
കേന്ദ്ര വിവരാവകാശ കമ്മീഷണർ ആനന്ദി രാമലിംഗമാണു നടപടി സ്വീകരിച്ചത്. സൗഗദ കുമാർനാഥിനു കാരണം കാണിക്കൽ നോട്ടീസ് കൂടാതെ വിവരാവകാശ നിയമം 20/1 പ്രകാരം പിഴ ഈടാക്കാനുള്ള നടപടിക്രമങ്ങളും കേന്ദ്ര വിവരാവകാശ കമ്മീഷൻ ആരംഭിച്ചു.
രതീഷ് കാളിയാടൻ ആസാം സർവകലാശാലയിൽ പി എച്ച് ഡി പ്രബന്ധം സമർപ്പിച്ചത് മൈസൂർ സർവകലാശാലയിൽനിന്നുള്ള പിഎച്ച്ഡി കോപ്പിയടിച്ചാണ് എന്നായിരുന്നു പരാതി.
കെപിസിടിഎ സംസ്ഥാന സെക്രട്ടറി ഡോ. ഷിനോ പി. ജോസായിരുന്നു പരാതി നൽകിയത്. പരാതി നൽകി മാസങ്ങൾ കഴിഞ്ഞും ആസാം സർവകലാശാല നടപടികൾ ഒന്നും കൈക്കൊള്ളാത്ത സാഹചര്യത്തിലാണ് പരാതിക്കാരൻ വിവരാവകാശ നിയമപ്രകാരം എന്ത് നടപടി എടുത്തുവെന്ന് ആരാഞ്ഞത്.
വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ നൽകി ഒരു വർഷം കഴിഞ്ഞിട്ടും മറുപടിയില്ലാത്ത സാഹചര്യത്തിലാണ് സെൻട്രൽ ഇൻഫർമേഷൻ കമ്മീഷനെ പരാതിക്കാരൻ സമീപിച്ചത്. രതീഷ് കാളിയാടന്റെ പിഎച്ച്ഡി പിൻവലിക്കാത്ത ആസാം സർവകലാശാലക്കെതിരേ കോടതിയെ സമീപിക്കുമെന്ന് ഡോ. ഷിനോ പി. ജോസ് പറഞ്ഞു.