നോര്‍ക്ക ട്രിപ്പിള്‍ വിൻ, ജര്‍മനിയിൽ 250 നഴ്സിംഗ് ഒഴിവുകള്‍
Tuesday, March 25, 2025 1:21 AM IST
തിരുവനന്തപുരം: കേരളത്തില്‍ നിന്നു ജര്‍മനിയിലേക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റിനായുളള നോര്‍ക്ക ട്രിപ്പിള്‍ വിൻ കേരള പദ്ധതിയുടെ ഏഴാം ഘട്ടത്തിലെ 250 ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജർമനിയിലെ ആശുപത്രികളിലേക്കാണ് നിയമനം.
ഉദ്യോഗാര്‍ഥികൾ www. norkaroots.org, www.nifl. norkaroots.org എന്നീ വെബ്സൈറ്റുകള്‍ മുഖേന ഏപ്രില്‍ ആറിനകം അപേക്ഷിക്കണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശേരി അറിയിച്ചു. ബിഎസ്സി, ജനറൽ നഴ്സിംഗ് എന്നിവയാണ് അടിസ്ഥാന യോഗ്യത.
ബിഎസ്സി, പോസ്റ്റ് ബേസിക് ബിഎസ്സി യോഗ്യതയുളളവര്‍ക്ക് തൊഴിൽ പരിചയം ആവശ്യമില്ല. ജനറൽ നഴ്സിംഗ് പാസായവർക്ക് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്. ഉയർന്ന പ്രായപരിധി 2025 മേയ് 31ന് 38 വയസ്.
കുറഞ്ഞ പ്രതിമാസ ശമ്പളം 2300 യൂറോയും രജിസ്റ്റേർഡ് നഴ്സ് തസ്തികയില്‍ പ്രതിമാസം 2900 യൂറോയുമാണ്. പദ്ധതിയിലേയ്ക്ക് അപേക്ഷിക്കുന്നതിന് ഉദ്യോഗാർഥികൾക്ക് ജർമൻ ഭാഷാ പരിജ്ഞാനം നിര്‍ബന്ധമില്ല. എന്നാല്‍ ഇതിനോടകം ജര്‍മൻ ഭാഷയിൽ ബി1, ബി2 യോഗ്യത നേടിയവരെ ഫാസ്റ്റ്ട്രാക്ക് പ്രോഗ്രാമിലൂടെ പരിഗണിക്കും.
കൂടുതൽ വിവരങ്ങൾക്ക്: 0471 2770577, 536, 540, 544 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.