സൂരജ് വധം: ശിക്ഷിക്കപ്പെട്ടവർക്ക് സിപിഎമ്മിന്റെ യാത്രയയപ്പും സെൻട്രൽ ജയിലിൽ സ്വീകരണവും
Tuesday, March 25, 2025 1:21 AM IST
തലശേരി: സൂരജ് വധക്കേസിൽ കോടതി ശിക്ഷിക്കപ്പെട്ടവരെ കോടതിയിൽനിന്നു ജയിലിലേക്കു കൊണ്ടുപോകുന്പോൾ കോടതി പരിസരത്ത് സിപിഎം പ്രവർത്തരുടെ യാത്രയയപ്പും കണ്ണൂർ സെൻട്രൽ ജയിലിലെത്തിച്ചപ്പോൾ സ്വീകരണവും.
കോടതി നടപടികൾ പൂർത്തിയാക്കി ശിക്ഷിക്കപ്പെട്ടവരെ പോലീസ് വാഹനത്തിൽ സെൻട്രൽ ജയിലിലേക്കു കൊണ്ടുവരുന്നതിനിടെ പോലീസ് വാഹനത്തിന് ചുറ്റുമായിനിന്ന പ്രവർത്തകർ “ധീരന്മാരെ, പോരാളികളെ, നിങ്ങൾക്കായിരം അഭിവാദ്യങ്ങൾ’’ എന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ചാണ് യാത്രയാക്കിയത്.
പ്രകടനമായി പോലീസ് വാഹനത്തിനു ചുറ്റുമായി എത്തിയ പ്രവർത്തകർക്കിടയിലൂടെ ഏറെ പ്രയാസപ്പെട്ടാണു ഡ്രൈവർ പോലീസ് വാൻ മുന്നോട്ടെടുത്തത്. സെൻട്രൽ ജയിലിലെത്തിച്ചപ്പോൾ ഇവിടെയും പാർട്ടി പ്രവർത്തകർ സംഘടിച്ചിരുന്നു. സെൻട്രൽ ജയിലിനു മുന്നിലെ റോഡിൽ വാഹനം എത്തിയപ്പോഴേക്കും തടിച്ചുകൂടിയ പ്രവർത്തകർ അഭിവാദ്യമർപ്പിച്ച് മുദ്രാവാക്യം മുഴക്കി.
ജയിലിന്റെ മുഖ്യകവാടത്തിനു മുന്നിൽ പ്രതികൾ വാനിൽ നിന്നിറങ്ങുന്പോഴും പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. മുഷ്ടിചുരുട്ടി പ്രത്യഭിവാദ്യം ചെയ്താണ് പ്രതികൾ പോലീസിനു നടുവിലൂടെ ജയിലിലേക്കു പ്രവേശിച്ചത്.
വിധി പ്രഖ്യാപനം അറിയാൻ കോടതിയിൽ പ്രതികളുടെ ബന്ധുക്കളും പ്രാദേശിക നേതാക്കളും ഉള്‍പ്പെടെ നൂറുകണക്കിനു പാർട്ടി പ്രവർത്തകർ രാവിലെതന്നെ എത്തിയിരുന്നു. കോടതിക്കുള്ളിലേക്ക് അഭിഭാഷകരെയും മാധ്യമ പ്രവർത്തകരെയും മാത്രമേ പ്രവേശിപ്പിച്ചുള്ളൂ. കോടതിയിലും പരിസരത്തും കണ്ണൂർ സെൻട്രൽ ജയിൽ പരിസരത്തും കനത്ത സുരക്ഷയായിരുന്നു പോലീസ് ഒരുക്കിയത്.