‘ക്രൈസ്തവർ നേരിടുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം വേണം’
Tuesday, March 25, 2025 1:21 AM IST
കൊച്ചി: ക്രൈസ്തവസമൂഹം നേരിടുന്ന സാമൂഹികമായ പ്രശ്നങ്ങൾക്കു കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശാശ്വത പരിഹാരം കാണണമെന്ന് ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ (എഐസിയു) സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
ഈ വിഷയത്തിൽ പാലക്കാട് സുൽത്താൻപേട്ടിൽ നടത്തിയ സമരപ്രഖ്യാപന സമ്മേളനം സംസ്ഥാന ചെയർമാൻ അൽഫോൻസ് പെരേര ഉദ്ഘാടനം ചെയ്തു. എഐസിയു (ലാറ്റിൻ) പ്രസിഡന്റ് ഡോ. ദേവസഹായം അധ്യക്ഷത വഹിച്ചു.
സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ജോസ് ആന്റണി, ജനറൽ സെക്രട്ടറി ബാബു അത്തിപ്പൊഴിയിൽ, ട്രഷറർ ജോൺ ബ്രിട്ടോ, സംസ്ഥാന ഭാരവാഹികളായ സി.ജെ. ജെയിംസ്, ജോസ് കുരിശിങ്കൽ, സൈബി അക്കര, ഫ്രാൻസി ആന്റണി, പ്രഫ. ജെ. ജേക്കബ്, ബാബു അമ്പലത്തുംകാല തുടങ്ങിയവർ പ്രസംഗിച്ചു.
ജെ.ബി. കോശി റിപ്പോർട്ട് പ്രസിദ്ധീകരിക്കുക, ലത്തീൻ കത്തോലിക്കരുടെ സമുദായ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള ബിഷപ്പുമാരുടെ അവകാശം പുനഃസ്ഥാപിക്കുക, മുനമ്പം വിഷയത്തിൽ സർക്കാർ മൗനം വെടിയുക, ന്യൂനപക്ഷ അവകാശം 50-50 എന്ന അനുപാതം നടപ്പാക്കുക, പോസ്റ്റ് മെട്രിക്- ന്യൂനപക്ഷ സ്കോളർഷിപ്പുകൾ പുനഃസ്ഥാപിക്കുക, വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽനിന്നും മനുഷ്യജീവൻ രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേന്ദ്ര-സംസ്ഥാന മന്ത്രിമാരെ കാണാനും നിവേദനങ്ങൾ സമർപ്പിക്കാനും സമ്മേളനം തീരുമാനിച്ചു.
ജനകീയ പ്രതിഷേധത്തിന്റെ പേരിൽ കോതമംഗലം മുൻ ബിഷപ് മാർ ജോർജ് പുന്നക്കോട്ടിലിനെതിരേ വനംവകുപ്പ് കേസെടുത്ത നടപടി ഉടൻ പിൻവലിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.