വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസം ആഘോഷപരിപാടികളിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് മന്ത്രി
Tuesday, March 25, 2025 1:21 AM IST
തിരുവനന്തപുരം: വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്കൂളുകളിൽ സംഘർഷം ഉണ്ടാകുന്ന തരത്തിൽ ആഘോഷപരിപാടികൾ പാടില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. ഇക്കാര്യത്തിൽ അധ്യാപകരുടെ പ്രത്യേക ശ്രദ്ധവേണം.
സ്കൂൾ കോമ്പൗണ്ടിൽ വാഹനങ്ങളിലുള്ള പ്രകടനവും അനുവദിക്കരുത്. ആവശ്യമെങ്കിൽ പോലീസിന്റെ സാന്നിധ്യം ഉറപ്പുവരുത്തണമെന്ന് വിദ്യാഭ്യാസ ഓഫീസർമാരുടെ മേഖലാ യോഗങ്ങളിൽ മന്ത്രി നിർദേശം നല്കി.
ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനം, സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി, എട്ടാം ക്ലാസിൽ മിനിമം മാർക്ക് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ, അവധിക്കാല അധ്യാപക പരിശീലനം, പാഠപുസ്തക വിതരണ ഉദ്ഘാടനം തുടങ്ങിയവ ചർച്ച ചെയ്യാനാണ് പൊതു വിദ്യാഭ്യാസ മന്ത്രി ഉത്തര മേഖല, ദക്ഷിണ മേഖല യോഗങ്ങൾ ഓൺലൈനിൽ വിളിച്ചുചേർത്തത്.
എട്ടാം ക്ലാസിൽ സബ്ജക്ട് മിനിമം നടപ്പാക്കുന്നതിന് മൂല്യനിർണയ രീതിശാസ്ത്രം പരിഷ്കരിക്കാൻ മാർഗരേഖ അംഗീകരിച്ച് ഉത്തരവായിട്ടുണ്ട്. സബ്ജക്ട് മിനിമം എട്ടാം ക്ലാസിൽ നടപ്പാക്കുമ്പോൾ കുട്ടികളുടെ വിദ്യാഭ്യാസ ഗുണമേന്മ വർധിപ്പിക്കുന്നതിനും അടുത്ത ക്ലാസിലേക്ക് പ്രമോഷൻ നൽകുന്നതിനും പിന്തുണാ സംവിധാനം അവധിക്കാലത്ത് നൽകും.
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 2025-26 വർഷത്തെ അവധിക്കാല അധ്യാപക സംഗമം പ്രീസ്കൂൾ, എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിലെ മുഴുവൻ അധ്യാപകർക്കും 2025 ഏപ്രിൽ, മേയ് മാസങ്ങളിൽ വിവിധ ഘട്ടങ്ങളിലായി സംഘടിപ്പിക്കും.
പൊതു പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിർണയത്തിൽ പങ്കെടുക്കുന്ന എച്ച്എസ്, എച്ച്എസ്എസ്, വിഎച്ച്എസ്എസ് വിഭാഗം അധ്യാപകർക്ക് അതിനനുസരിച്ചുള്ള ബാച്ചുകൾ ക്രമീകരിച്ച് പരിശീലനം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.