നവകേരള സദസ്: സ്കൂളുകൾക്കു മുന്നിലും വേണം പരസ്യബോർഡ്; പണം അധ്യാപകർ കണ്ടെത്തണം!
Tuesday, November 21, 2023 2:05 AM IST
സിജോ പൈനാടത്ത്
കൊച്ചി: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള നവകേരള സദസിന്റെ പ്രചാരണ ബോർഡ് വിദ്യാലയങ്ങൾക്കു മുന്നിൽ സ്ഥാപിക്കാൻ നിർദേശം. അതത് മണ്ഡലങ്ങളിലെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ വഴിയാണ് ഇതുസംബന്ധിച്ച് പ്രധാനാധ്യാപകർക്കു രഹസ്യനിർദേശം നൽകിയിട്ടുള്ളത്.
എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകൾക്കു മുന്നിലും പ്രചാരണബോർഡുകൾ സ്ഥാപിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. വിദ്യാർഥികളും പൊതുജനങ്ങളും കാണുന്ന രീതിയിലാകണം ബോർഡുകൾ വയ്ക്കേണ്ടത്. പരസ്യബോർഡുകളുടെ അളവും മാതൃകയും വാട്സ് ആപ് വഴി പ്രധാനാധ്യാപകർക്കു നൽകും. ഇതിനു ചെലവാകുന്ന തുക പ്രധാനാധ്യാപകരോ അധ്യാപകർ ചേർന്നോ കണ്ടെത്തണം.
മണ്ഡലം തലങ്ങളിൽ പ്രധാനാധ്യാപകരുടെയും പ്രിൻസിപ്പൽമാരുടെയും സ്കൂൾ മാനേജർമാരുടെയും യോഗങ്ങൾ വിളിച്ചുകൂട്ടാൻ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കു നിർദേശം നൽകിയിട്ടുണ്ട്. യോഗങ്ങളുടെ സ്ഥലവും തീയതിയും സമയവും രേഖാമൂലം അറിയിക്കേണ്ടതില്ല. വിദ്യാഭ്യാസ ഓഫീസർമാരും പ്രധാനാധ്യാപകരും ഉൾപ്പെട്ട വാട്സ് ആപ് ഗ്രൂപ്പുകൾ വഴിയാണ് യോഗങ്ങളുടെ അറിയിപ്പുകൾ കൈമാറുന്നത്.
നവകേരള സദസ് വിജയിപ്പിക്കുന്നതിന് എന്ന ആമുഖത്തോടെയുള്ള അറിയിപ്പിനു താഴെ, യോഗം വിളിച്ചുകൂട്ടുന്നത് ആര് എന്നു വ്യക്തമാക്കിയിട്ടില്ല. ചില മണ്ഡലങ്ങളിൽ ഇത്തരം യോഗങ്ങൾ നടത്തി. പ്രചാരണ ബോർഡുകൾ സ്കൂളുകൾക്കു മുന്നിൽ സ്ഥാപിക്കുന്നതിലും പണം അധ്യാപകർ എടുക്കേണ്ടിവരുന്നതിലും ഒരുവിഭാഗം പ്രധാനാധ്യാപകർ വിയോജിപ്പ് പ്രകടിപ്പിച്ചു.
സർക്കാർ തീരുമാനമാണെന്നും അനുസരിക്കണമെന്നുമാണ് വിദ്യാഭ്യാസ ഓഫീസർമാർ മറുപടി നൽകിയത്. എങ്കിൽ യോഗത്തിന്റെ അറിയിപ്പ് എന്തുകൊണ്ട് ഔദ്യോഗികമായി നൽകുന്നില്ലെന്ന ചോദ്യവുമാണ് സ്കൂൾ അധികൃതർ ഉന്നയിക്കുന്നുത്.
സ്കൂളിന്റെ തുടർന്നുള്ള ആവശ്യങ്ങളിൽ നിസഹകരണവും നടപടികളും ഭയന്ന് പ്രധാനാധ്യാപകർ പരസ്യബോർഡുകൾ സംഘടിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ്. ഉച്ചഭക്ഷണത്തിനും അനുബന്ധ ആവശ്യങ്ങൾക്കും പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന പ്രധാനാധ്യാപകർക്ക്, നവകേരള സദസിന്റെ പരസ്യബോർഡിനുള്ള ചെലവും പുതിയ ബാധ്യതയാകുകയാണ്.