മാണി വിഭാഗവുമായി യുഡിഎഫ് ചര്‍ച്ച നടത്തിയിട്ടില്ല: വി.ഡി. സതീശന്
Tuesday, December 3, 2024 1:49 AM IST
കൊച്ചി: കേരള കോണ്‍ഗ്രസ് മാണി വിഭാഗവുമായി യുഡിഎഫ് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. എല്‍ഡിഎഫില്‍ നില്ക്കുന്ന ജോസ് കെ. മാണിയുടെ വിശ്വാസ്യത ചോദ്യചെയ്യേണ്ട ആവശ്യം ഞങ്ങള്‍ക്കില്ല. ചര്‍ച്ച നടത്തേണ്ട ഒരു രാഷ്ട്രീയ സാഹചര്യമുണ്ടായാല്‍ അപ്പോള്‍ ആലോചിക്കാമെന്നും ഇപ്പോള്‍ അത്തരമൊരു സാഹചര്യമില്ലെന്നും ശതീശന്‍ പറഞ്ഞു.
വിട്ടുവീഴ്ചയില്ലാത്ത മതേതര നിലപാട് എടുക്കുന്ന പ്രസ്ഥാനമാണ് യുഡിഎഫ്. ആ നിലപാടില്‍ ആകൃഷ്ടരായി ആരെങ്കിലും വന്നാല്‍ അവരെ പാര്‍ട്ടിയിലേക്ക് എടുക്കുന്നതിനെക്കുറിച്ച് ആലോചിക്കാം. ഏതെങ്കിലും പാര്‍ട്ടി നേതാക്കള്‍ക്കു പിന്നാലെ നടന്ന് അവരെ കോണ്‍ഗ്രസിലേക്കോ യുഡിഎഫിലേക്കോ കൊണ്ടുവരാന്‍ ഞങ്ങള്‍ ശ്രമിക്കില്ല. നേതാക്കള്‍ മാത്രമല്ല, പ്രവര്‍ത്തകര്‍ ഉള്‍പ്പെടയുള്ളവര്‍ കോണ്‍ഗ്രസിലേക്കു വരുന്നുണ്ട്.
മന്ത്രിയായിരുന്നപ്പോള്‍ നീതിപൂര്‍വകമായി പെരുമാറിയിരുന്ന ആളായിരുന്നു ജി. സുധാകരന്. അദ്ദേഹത്തോട് ഞങ്ങള്‍ക്കൊക്കെ ആദരവും സ്നേഹവും ബഹുമാനവുമുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ അസ്തിത്വത്തെയോ പാര്‍ട്ടി കൂറിനെയോ ഞങ്ങളാരും ചോദ്യംചെയ്യില്ല.
കെ.സി. വേണുഗോപാലും ജി. സുധാകരനും തമ്മില്‍ വ്യക്തിപരമായ അടുപ്പമുണ്ട്. അവരുടെ കൂടിക്കാഴ്ചയെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കേണ്ടതില്ലെന്നും സതീശൻ പറഞ്ഞു.