ഇടിച്ചുകയറിയ ബസിനടിയിൽ കുടുങ്ങിയ യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു
Tuesday, December 3, 2024 1:49 AM IST
കട്ടപ്പന: സ്വകാര്യ ബസ് നിയന്ത്രണം വിട്ട് യാത്രക്കാരുടെ ലോഞ്ചിൽ ബസ് കാത്തിരുന്ന യുവാവിന്റെ മുകളിലേക്കു പാഞ്ഞു കയറി. പിന്നിലേക്കു വീണ യാത്രക്കാരന്റെ തല ഒഴിച്ചുള്ള ശരീരം മുഴുവൻ ബസിന്റെ അടിയിലായെങ്കിലും അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. വന്നപോലെ തന്നെ ബസ് പിന്നോട്ടോടി ഇറങ്ങുകയും ചെയ്തു.
ബസിന്റെ അടിയിൽനിന്നു രക്ഷപ്പെട്ട് എഴുന്നേറ്റുവന്ന യുവാവ് എന്താണ് സംഭവിച്ചതെന്നറിയാതെ സ്തബ്ധനായി നിന്നുപോയി. പിന്നീട് ദേഹത്തു തൊട്ടു നോക്കി.., ഒന്നും സംഭവിച്ചിട്ടില്ല. ഞായറാഴ്ച വൈകുന്നേരം ആറരയോടെ കട്ടപ്പന സ്വകാര്യ ബസ് സ്റ്റാൻഡി ലാണ് കണ്ടുനിന്നവരെ ഞെട്ടിച്ച സംഭവമുണ്ടായത്.
ബസ് സ്റ്റാൻഡിൽ യാത്രക്കാരുടെ കാത്തിരിപ്പു ലോഞ്ചിൽ ഇരിക്കുകയായിരുന്ന കുമളി അമരാവതി സ്വദേശി കട്ടപ്പന വാഴവര ആശ്രമം കോളജ് വിദ്യാർഥി വിഷ്ണു (25) വിന്റെ മുകളിലേക്കാണ് സ്റ്റാൻഡിൽ പാർക്കു ചെയ്തിരുന്ന ബസ് ഓടിച്ചു കയറ്റിയത്. സ്റ്റാൻഡ് ടെർമിനലിനു മുന്നിലെ ഓടയുടെ സ്ലാബും ടെർമിനലിന്റെ പടിയും കടന്ന് കസേരയിലിരുന്ന വിഷ്ണുവിന്റെ മുകളിലേക്കു ബസ് കയറുകയായിരുന്നു.
കസേരയോടെ പിന്നിലേക്കു മറിഞ്ഞ വിഷ്ണുവിന്റെ തലഭാഗം വരെ ബസിന്റെ അടിയിലായി. പടി ചാടിക്കയറി വന്ന ബസിന്റെ മുൻഭാഗം ഉയർന്നു പോയതിനാലും വിഷ്ണു ഇരുന്ന കസേര പിന്നിലേക്കു ചെരിഞ്ഞതിനാലും വിഷ്ണു ബസിൽ തട്ടാതെ അടിയിൽപ്പെടുകയായിരുന്നു.
വിഷ്ണുവിന്റെ കാലിനു ചെറിയ പരിക്കേറ്റതൊഴിച്ചാൽ മറ്റു പ്രശ്നങ്ങ ളൊന്നുമില്ല. ബസ് സ്റ്റാൻഡിൽ തിരക്ക് ഇല്ലാതിരുന്നതും ഭാഗ്യമായി. ബസ് ഡ്രൈവർക്കുണ്ടായ പിഴവാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
റിവേഴ്സ് ഗിയറിൽ ഇടുന്പോൾ അബദ്ധത്തിൽ ഫസ്റ്റ് ഗിയറിൽ വീണുപോയതാണെന്നാണ് പറയുന്നത്. ഡ്രൈവർ പിന്നിലേക്കു നോക്കി വാഹനം ആക്സിലേറ്റർ കൊടുക്കുന്പോൾ ബസ് ഓട സ്ലാബും പടിക്കെട്ടും കടന്ന് മുന്നോട്ടു നീങ്ങുകയായിരുന്നു.
എന്നാൽ സംഭവത്തിൽ അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയാണുണ്ടായത്. അപകടത്തിൽപ്പെട്ട ബസിന്റെ ഫിറ്റ്നസ് പരിശോധിക്കുകയോ സംഭവത്തിന്റെ വിശദാംശങ്ങൾ അന്വേഷിക്കുകയോ ചെയ്യാതെ ബസ് സർവീസ് നടത്താൻ അനുവദിച്ചു.
സംഭവം സോഷ്യൽ മീഡിയകളിൽ വൈറലായതോടെ നടപടിയെക്കുറിച്ച് അധികൃതർ ആലോചിച്ചു തുടങ്ങിയിട്ടുണ്ട്.