ക​​​ണ്ണൂ​​​ർ: വ​​​ള​​​പ​​​ട്ട​​​ണം മ​​​ന്ന​​​യി​​​ലെ അ​​​രി​​​മൊ​​​ത്ത​​വ്യാ​​​പാ​​​രി കെ.​​​പി. അ​​​ഷ​​​റ​​​ഫി​​​ന്‍റെ വീ​​​ട്ടി​​​ൽ​​​നി​​​ന്നു പ​​​ണ​​​വും സ്വ​​​ർ​​​ണ​​​വും ക​​​വ​​​ർ​​​ന്ന കേ​​​സി​​​ൽ അ​​​യ​​​ൽ​​​വാ​​​സി​​​യാ​​​യ യു​​​വാ​​​വ് അ​​​റ​​​സ്റ്റി​​​ൽ.

അ​​​ഷ​​​റ​​​ഫി​​​ന്‍റെ വീ​​​ടി​​​നു സ​​​മീ​​​പ​​​ത്തെ മു​​​ണ്ട​​​ച്ചാ​​​ലി ഹൗ​​​സി​​​ൽ സി.​​​പി. ലി​​​ജേ​​​ഷി​​​നെ​​​യാ​​​ണ് (45) പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. വെ​​​ൽ​​​ഡിം​​​ഗ് തൊ​​​ഴി​​​ലാ​​​ളി​​​യാ​​​യ ലി​​​ജേ​​​ഷി​​​ന്‍റെ വീ​​​ടി​​​ന്‍റെ കി​​​ട​​​പ്പു​​​റി​​​യി​​​ലെ ക​​​ട്ടി​​​ലി​​​ൽ പ്ര​​​ത്യേ​​​കം നി​​​ർ​​​മി​​​ച്ച അ​​​റ​​​യി​​​ൽ​​​നി​​​ന്ന് 1.21 കോ​​​ടി​​​രൂ​​​പ​​​യും 267 പ​​​വ​​​നും പോ​​​ലീ​​​സ് ക​​​ണ്ടെ​​​ടു​​​ത്തു.

300 പ​​​വ​​​നും ഒ​​​രു കോ​​​ടി രൂ​​​പ​​​യും കാ​​​ണാ​​​താ​​​യെ​​​ന്നാ​​​യി​​​രു​​​ന്നു പ​​​രാ​​​തി. സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ളും വി​​​ര​​​ല​​​ട​​​യാ​​​ള​​​ങ്ങ​​​ളും ട​​​വ​​​ർ ലൊ​​​ക്കേ​​​ഷ​​​നും കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണു പ്ര​​​തി വ​​​ല​​​യി​​​ലാ​​​യ​​​ത്.

ന​​​വം​​​ബ​​​ർ 20 രാ​​​ത്രി എ​​​ട്ടി​​​നാ​​​ണ് ലി​​​ജേ​​​ഷ് ക​​​വ​​​ർ​​​ച്ച ന​​​ട​​​ത്താ​​​ൻ അ​​​ഷ​​​റ​​​ഫി​​​ന്‍റെ വീ​​​ട്ടി​​​നു​​​ള്ളി​​​ൽ ക​​​യ​​​റി​​​യ​​​ത്. 8.40 ഓ​​​ടെ ക​​​വ​​​ർ​​​ച്ച ന​​​ട​​​ത്തി തി​​​രി​​​ച്ചി​​​റ​​​ങ്ങി. ഇ​​​തി​​​നി​​ടെ, ലോ​​​ക്ക​​​ർ ത​​​ക​​​ർ​​​ക്കാ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ച ഉ​​​ളി അ​​​വി​​​ടെ വ​​​ച്ച് ലി​​​ജേ​​​ഷ് മ​​​റ​​​ന്നി​​​രു​​​ന്നു.

തു​​​ട​​​ർ​​​ന്ന് 21ന് ​​​രാ​​​ത്രി​​​ ഇ​​​തേ സ​​​മ​​​യ​​​ത്ത് വീ​​​ണ്ടും ക​​​യ​​​റി​​​യെ​​​ങ്കി​​​ലും ഉ​​​ളി ക​​​ണ്ട​​​ത്താ​​​നാ​​​യി​​​ല്ല. പോ​​​ലീ​​​സ് സം​​​ഘ​​​ത്തി​​​ന് ​​​ഉ​​​ളി ല​​​ഭി​​​ക്കു​​​ക​​​യും ചെ​​​യ്തു. ലി​​​ജേ​​​ഷ് തു​​​റ​​​ന്ന ലോ​​​ക്ക​​​റി​​​ന്‍റെ മ​​​റ്റൊ​​​രു അ​​​റ​​​യി​​​ൽ നാ​​​ലു ല​​​ക്ഷം രൂ​​​പ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​ത് എ​​​ടു​​​ത്തി​​​രു​​​ന്നി​​​ല്ല.


ഒ​​​ന്ന​​​ര​​​വ​​​ർ​​​ഷം മു​​​ന്പ് കീ​​​ച്ചേ​​​രി​​​യി​​​ലെ ഒ​​​രു വീ​​​ട്ടി​​​ൽ​​​നി​​​ന്ന് അ​​​ഞ്ചു​​​ല​​​ക്ഷം രൂ​​​പ​​​യും സ്വ​​​ർ​​​ണ​​​വും ക​​​വ​​​ർ​​​ന്നി​​​രു​​​ന്നു. ഇ​​​വി​​​ടെ​​​നി​​​ന്നു കി​​​ട്ടി​​​യ വി​​​ര​​​ല​​​ട​​​യാ​​​ള​​​വും ചോ​​​ദ്യംചെ​​​യ്യ​​​ലി​​​നാ​​​യി വി​​​ളി​​​ച്ച​​​പ്പോ​​​ൾ എ​​​ടു​​​ത്ത പ്ര​​​തി​​​യു​​​ടെ വി​​​ര​​​ലട​​​യാ​​​ള​​​വും ഒ​​​ന്നു​​​ത​​​ന്നെ​​​യാ​​​ണെ​​​ന്നു പോ​​​ലീ​​​സ് തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​തോ​​​ടെ​​​യാ​​​ണ് അ​​​ന്വേ​​​ഷ​​​ണം ലി​​​ജേ​​​ഷി​​​നെ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചത്.

അ​​​ഷ​​​റ​​​ഫും കു​​​ടും​​​ബ​​​വും മ​​​ധു​​​ര​​​യി​​​ലെ വി​​​രു​​​തുന​​​ഗ​​​റി​​​ൽ വി​​​വാ​​​ഹ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ന​​​വം​​​ബ​​​ർ 19നു ​​​രാ​​​വി​​​ലെ വീ​​​ട് പൂ​​​ട്ടി പോ​​​യ​​​താ​​​യി​​​രു​​​ന്നു. 24നു ​​​രാ​​​ത്രി തി​​​രി​​​ച്ചെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​ണു വീ​​​ടി​​​ന്‍റെ ജ​​​ന​​​ൽ ത​​​ക​​​ർ​​​ത്ത് അ​​​ക​​​ത്തു​​​ക​​​യ​​​റി​​​യ മോ​​​ഷ്ടാ​​​വ് ലോ​​​ക്ക​​​റി​​​ൽ സൂ​​​ക്ഷി​​​ച്ച പ​​​ണ​​​വും സ്വ​​​ർ​​​ണ​​​വും ക​​​വ​​​ർ​​​ന്ന​​​താ​​​യി അ​​​റി​​​യു​​​ന്ന​​​ത്. സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​യ​​​ൽ​​​വാ​​​സി​​​ക​​​ളെ എ​​​ല്ലാ​​​വ​​​രെ​​​യും ചോ​​​ദ്യംചെ​​​യ്യു​​​ന്ന കൂ​​​ട്ട​​​ത്തി​​​ൽ പോ​​​ലീ​​​സ് നി​​​ര​​​വ​​​ധി ത​​​വ​​​ണ ലി​​​ജേ​​​ഷി​​​നെ​​​യും ചോ​​​ദ്യം​​ചെ​​​യ്തി​​​രു​​​ന്നു.

ക​​​ണ്ണൂ​​​ർ സി​​​റ്റി എ​​​സി​​​പി ടി.​​​കെ. ര​​​ത്ന​​​കു​​​മാ​​​ർ, വ​​​ള​​​പ​​​ട്ട​​​ണം സി​​​ഐ ടി.​​​പി. സു​​​മേ​​​ഷ് എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള 19 അം​​​ഗ സം​​​ഘ​​​മാ​​​ണ് കേ​​​സ് അ​​​ന്വേ​​​ഷി​​​ച്ച​​​ത്.